മറവി വിനയായി: മോഷണശേഷം സഞ്ചി എടുക്കാന്‍ മറന്ന കള്ളന്‍ പിടിയില്‍

മറവി വിനയായി: മോഷണശേഷം സഞ്ചി എടുക്കാന്‍ മറന്ന കള്ളന്‍ പിടിയില്‍

July 29, 2018 0 By Editor

കോട്ടയം: മോഷണശേഷം മറന്നുവെച്ച സഞ്ചി ഒടുവില്‍ കള്ളന് വിനയായി. മറന്നുവെച്ചതാകട്ടെ വീടിനടുത്തുള്ള ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ പേരുള്ള സഞ്ചി. പോലീസിന് കച്ചിത്തുരുമ്ബായത് ഇതാണ്. അധികം വൈകാതെ തന്നെ പോലീസ് കള്ളനെ പിടികൂടി. സംഭവത്തില്‍ തോട്ടയ്ക്കാട് ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പെരുങ്കാവുങ്കല്‍ മുകേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മോഷണം നടന്ന വീട് പരിശോധിച്ച പൊലീസ് സംഘത്തിന് കിണറിനടുത്തുനിന്ന് ഒരു സഞ്ചി ലഭിച്ചു. ടെക്‌സ്‌റ്റൈലിന്റെ പേരും സ്ഥലവും രേഖപ്പെടുത്തിയതായിരുന്നു സഞ്ചി. ഇത് തങ്ങളുടേതല്ലെന്ന് വീട്ടുകാര്‍ ഉറപ്പിച്ചു പറഞ്ഞതോടെയാണ് സഞ്ചി കേസിലെ വഴിത്തിരിവായത്. സഞ്ചി പരിശോധിച്ച പൊലീസിന് അതില്‍നിന്നും ചില തെളിവുകള്‍ ലഭിച്ചു. സംശയിക്കുന്ന ആള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും പൊലീസ് അന്വേഷണത്തില്‍ മനസ്സിലാക്കി. വീടിനടുത്ത് അന്വേഷണം നടത്തിയ ഷാഡോ സംഘമാണ് ഇയാളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.