പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും

പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യും

July 30, 2018 0 By Editor

പെഷവാര്‍: പാകിസ്ഥാന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ആഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ ദ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) 116 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 137 സീറ്റുകളാണ് വേണ്ടത്. ചെറുപാര്‍ട്ടികളും സ്വതന്ത്രരുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 14ന് മുന്പ് പ്രധാനമന്ത്രിയായി ഇമ്രാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പി.ടി.ഐ വക്താവ് ഫൈസല്‍ ജാവേദ് ഖാന്‍ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പില്‍, ജയിലിലുള്ള മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ പാര്‍ട്ടിക്ക് 64 സീറ്റും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റും ലഭിച്ചിരുന്നു.

നാഷണല്‍ അസംബ്ലിക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഖൈബര്‍ പക്തുന്‍ക്വയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും പി.ടി.ഐ അധികാരം പിടിച്ചിരുന്നു. ഇവിടത്തെ മുഖ്യമന്ത്രിയെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

രാജ്യത്തെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, തെരുവില്‍ ബാലറ്റ് കടലാസുകളും വോട്ടുപെട്ടികളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് പുതിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണിത്. കറാച്ചിയിലും സിയാല്‍കോട്ടിലുമാണു ശൂന്യമായ ബാലറ്റ് പെട്ടിയും കടലാസുകളും കിട്ടിയത്. കറാച്ചിയില്‍ ചവറുകൂനയില്‍ നിന്നാണ് ബാലറ്റുകള്‍ കണ്ടെടുത്തത്.