കുവൈറ്റില്‍ എണ്ണയിതര വരുമാനത്തില്‍ വര്‍ധനവ്

കുവൈറ്റില്‍ എണ്ണയിതര വരുമാനത്തില്‍ വര്‍ധനവ്

July 31, 2018 0 By Editor

കുവൈറ്റ്: എണ്ണയിതര വരുമാനത്തില്‍ 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 21.7 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ക്ലോസിങ് അക്കൗണ്ട് റിപ്പോര്‍ട്ടിലാണ് എണ്ണയിതര വരുമാനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വര്‍ദ്ധനയുള്ളതായി പറയുന്നത് .

2018 മാര്‍ച്ച് 31 നു അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1.7 ശതകോടി ദീനാര്‍ ആണ് എണ്ണയിതര വരുമാനം രേഖപ്പെടുത്തിയത്. എണ്ണ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.2 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട് .14.3 ശതകോടി ദീനാറാണ് മൊത്തം എണ്ണ വരുമാനം. ഒപെക് ഉല്‍പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വര്‍ദ്ധനയാണ് എണ്ണ വരുമാനം കൂട്ടാന്‍ ഇടയാക്കിയത്. ബാരലിന് 45 ദീനാര്‍ വില കണക്കാക്കിയാണ് ബജറ്റ് തയാറാക്കിയതെങ്കിലും ശരാശരി 54 ദീനാര്‍ വില ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 16.0 ശതകോടി ദീനാര്‍ ആകെ വരുമാനം ഉണ്ടായപ്പോള്‍ 19.2 ശതകോടി ദീനാര്‍ ആണ് ചെലവായത് .

ഭാവി തലമുറക്ക് വേണ്ടിയുള്ള കരുതല്‍ ഫണ്ടിലേക്ക് 10 ശതമാനം മാറ്റിവെച്ചതുള്‍പ്പെടെ 4.8 ശതകോടി ദീനാറാണ് മൊത്തം കമ്മി . 201617 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ചു 18.1 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം കമ്മി രേഖപ്പെടുത്തിയത്. എണ്ണ, എണ്ണയിതര വരുമാനം വര്‍ധിച്ചതാണ് കമ്മി കുറയാന്‍ കാരണം . 1.6 ശതകോടി ദീനാറാണ് ഭാവി തലമുറക്ക് വേണ്ടി നിക്ഷേപിച്ചത്. കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. കരുതല്‍ നിധിയില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടുത്താതെയാണ് ഓരോ വര്‍ഷവും ബജറ്റ് തയ്യാറാക്കുന്നത് .