ഓരോരുത്തര്‍ക്കും അവരുടേതായ ശരികളും തെറ്റുകളുമുണ്ട്, അമ്മയുടെ തീരുമാനങ്ങളാണ് ശരി: നിവിന്‍ പോളി

ഓരോരുത്തര്‍ക്കും അവരുടേതായ ശരികളും തെറ്റുകളുമുണ്ട്, അമ്മയുടെ തീരുമാനങ്ങളാണ് ശരി: നിവിന്‍ പോളി

August 2, 2018 0 By Editor

കൊച്ചി: താരസംഘടനയായ ‘അമ്മ’യും നടീനടന്മാരുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യുവനടന്‍ നിവിന്‍ പോളി രംഗത്ത്. ശരിയായ തീരുമാനങ്ങളാണ് ‘അമ്മ’ കൈക്കൊള്ളുന്നതെന്നും ആ സംഘടനയിലെ അംഗമെന്ന നിലയില്‍ ആ തീരുമാനങ്ങളെ അംഗീകരിക്കുന്നതായും നിവിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ടത് അടക്കമുള്ള വിഷയത്തില്‍ യുവതാരങ്ങള്‍ മൗനം പാലിച്ചത് ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. ആ സാഹചര്യത്തിലാണ് നിവിന്‍ നിലപാട് വ്യക്തമാക്കിയത്.

‘അമ്മ’യിലെ ഒരംഗമാണ് ഞാന്‍. സംഘടനയുടെ യോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുമുണ്ട്. സംഘടനയിലെ അംഗമെന്ന നിലയ്ക്ക് അമ്മയുടെ തീരുമാനങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. സമീപകാലത്ത് ‘അമ്മ’ കൈക്കൊണ്ട തീരുമാനങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍, ‘അമ്മ’യിലെ എക്‌സിക്യുട്ടിവ് കമ്മറ്റിയിലെ അംഗമല്ലാത്തതിനാല്‍ തന്നെ സംഘടനയെ കുറിച്ചോ അവരുടെ തീരുമാനങ്ങളെ കുറിച്ചോ കൂടുതലൊന്നും സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല നിവിന്‍ പോളി പറഞ്ഞു.

ഓരോരുത്തര്‍ക്കും അവരുടേതായ ശരികളും തെറ്റുകളുമുണ്ട്. എനിക്കും അതുപോലെ തന്നെ. അതുപോലെ തെറ്റും ശരിയും മനസിലാക്കി നിലപാട് സ്വീകരിക്കേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ അത് എന്താണെന്ന് വ്യക്തമാക്കും. ഇപ്പോള്‍ അങ്ങനെയൊരു സാഹചര്യമില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ‘അമ്മ’യില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് കഴിഞ്ഞ മാസം കൂടിയ ജനറല്‍ ബോഡി അദ്ദേഹത്തെ പുറത്താക്കിയ തീരുമാനം മരവിപ്പിച്ചു. ഇതിനെതിരെ സിനിമയിലെ വനിതാ സംഘടനയായ വിമെന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത് വന്നിരുന്നു.