വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സൂചന


, | Published: 10:11 AM, November 11, 2017

IMG

മാനന്തവാടി: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി സൂചന , തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയില്‍ രണ്ട് അപരിചിതരെ കണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ തൃശ്ശിലേരിയിലും സമീപത്തെ വനമേഖലയിലും തിരച്ചില്‍ നടത്തി.
നിലമ്പൂര്‍ വെടിവെപ്പിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.വ്യാഴാഴ്ച രാത്രി 7 മണിയൊടെയാണ് മുഷിഞ്ഞ വേഷം ധരിച്ച രണ്ട് പേര്‍ തൃശ്ശിലേരി പള്ളി കവലയിലെ ക്രഷറിന് സമീപത്ത് എത്തിയത്. ഇവിടെ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ്‌വാന്‍ ഡ്രൈവറുമായി സൗഹൃദം സ്ഥാപിച്ച ഇവര്‍ രണ്ട് ചാക്ക് അരി വേണമെന്ന് ആവശ്യപ്പെട്ടു. അരി ഇവിടെ ലഭിക്കില്ലെന്ന് ഡ്രൈവര്‍ മറുപടി നല്‍കി.ഇതിന് ശേഷം ഇവര്‍ പ്‌ളാമൂലയിലുള്ള വനംവകുപ്പ് ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുവിടണമെന്ന് ആവശ്യപ്പെട്ടു.ഡ്രൈവർ  ഇവരെ ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് ഇറക്കുകയും ഇവര്‍ കാട്ടിലേക്ക് നടന്ന് കയറുകയും ചെയ്തു.  പിന്നീട് സംശയം തോന്നിയ ഡ്രൈവര്‍ വനം വകുപ്പ് ജീവനക്കാരെ വിളിച്ച് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരും ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നിട്ടില്ലെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും പ്രദേശത്ത് തിരച്ചില്‍ നടത്തുകയുമായിരുന്നു.കന്നട കലര്‍ന്ന മലയാളമാണ് ഇവര്‍ സംസാരിച്ചതെന്നാണ് ഡ്രൈവര്‍ രഹസ്യാന്വേഷണ വിഭാഗത്തിന് മൊഴി നല്‍കിയത്.