ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഉദ്ഘാടന പോരാട്ടം സമനിലയില്‍


, | Published: 10:53 AM, November 18, 2017

IMG

കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഉദ്ഘാടന പോരാട്ടം സമനിലയില്‍. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന്റെ തനിയാവര്‍ത്തനമായ കളിയില്‍ എടികെയും കേരള ബ്ലാസ്‌റ്റേഴ്‌സും ഗോള്‍രഹിത സമനലയില്‍ പിരിഞ്ഞു. സൂപ്പര്‍താരങ്ങളായ ബെര്‍ബറ്റോവും ഇയാന്‍ ഹ്യൂമും നിറംമങ്ങിയതും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി.പലപ്പോഴും പന്ത് കിട്ടാതെ ഉഴറി നടക്കുകയായിരുന്നു ബര്‍ബറ്റോവ്. കിട്ടിയപ്പോഴാകട്ടെ മികച്ച ഒരു മുന്നേറ്റം പോലും നടത്താന്‍ കഴിഞ്ഞതുമില്ല. പന്തടക്കത്തിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതിലും മുന്നിട്ടുനിന്നത് സന്ദര്‍ശകരായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഗോളിയുടെ മികച്ച പ്രകടനമാണ് തോല്‍വിയില്‍ നിന്ന് ടീമിനെ പലപ്പോഴും രക്ഷിച്ചത്. സ്‌റ്റേഡി യത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുന്നതിലും ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടു.38,000ത്തോളം ആരാധകരെ സാക്ഷിയാക്കി നടന്ന കളിയുടെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. മൂന്നാം മിനിറ്റില്‍ മിലന്‍ സിങ് പന്തുമായി മുന്നേറിയെങ്കിലും കാര്യമുണ്ടായില്ല. തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ അവസരവും ലഭിച്ചു.എന്നാല്‍ ബോക്‌സിന് പുറത്തുനിന്ന് മിലന്‍ സിങ് പായിച്ച ഷോട്ട് പുറത്തേക്ക് പറന്നു. ആദ്യ പത്ത് മിനിറ്റ് വരെ മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റം. പിന്നീട് എടികെ താരങ്ങള്‍ പന്ത് കയ്യടക്കി തുടങ്ങി. ആദ്യപകുതിയില്‍ 62 ശതമാനം പന്ത് സന്ദര്‍ശകര്‍ കൈവശംവച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് 38 ശതമാനമായിരുന്നു ഇത്.60-ാം മിനിറ്റില്‍ ഇയാന്‍ ഹ്യുമിനെ പിന്‍വലിച്ച് സിഫ്‌നിയോസിനെ ഇറക്കി. തൊട്ടടുത്ത മിനിറ്റില്‍ എടികെ കുക്കിക്ക് പകരം റോബിന്‍ സിങിനെയും രംഗത്തെത്തിച്ചു.79-ാം മിനിറ്റില്‍ വിനീതിനെ പിന്‍വലിച്ച് ബ്ലാസ്‌റ്റേഴ്‌സ് പ്രശാന്തിനെ കളത്തിലിറക്കിയെങ്കിലും കാര്യമൊന്നുമുണ്ടായില്ല.