കളി മറന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്;വീണ്ടും സമനിലക്കുരുക്കില്‍


, | Published: 11:12 PM, November 24, 2017

IMG

കൊച്ചി: ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം മത്സരത്തിലൂം ഗോൾ അടിക്കാൻ   കേരളത്തിന്റെ കൊമ്പന്മാര്‍ക്കായില്ല. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഏറെ മികച്ച പ്രകടനം നടത്തിയെങ്കിലും സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതോടെ കളി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. ബെര്‍ബറ്റോവിന് പകരം ഹ്യൂമിനെ സ്‌ട്രൈക്കറായി ഇറക്കിയ തീരുമാനം നന്നായെങ്കിലും ജംഷഡ് പ്രതിരോധവും ഗോള്‍കീപ്പര്‍ സുബ്രതാപാലും ബാലികേറാമലയായി നിലയുറപ്പിച്ചതോടെ കളി സമനിലയിലാവുകയായിരുന്നു.അലസമായാ രീതിയിലായിരുന്നു കേരളത്തിന്റെ കളിക്കാർ.പോള്‍ റെച്ചുബ്ക എന്ന ഗോളിയില്ലെങ്കിൽ ഒരു മൂന്നിലധികം ഗോളുകൾ വാങ്ങി കൂട്ടിയേനെ കേരളബ്ലാസ്‌റ്റേഴ്‌സ്.

ആദ്യമത്സരത്തില്‍ ഇറങ്ങിയ ടീമില്‍ ഒരോ മാറ്റം വരുത്തിയാണ് രണ്ട് ടീമുകളും ഇന്നലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ മിലന്‍ സിങിന് പകരം ജാക്കിചന്ദ് സിങ് ഇറങ്ങിയപ്പോള്‍ ജംഷഡ്പൂരിനായി സമീഗ് ദ്യുതിക്ക് പകരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ഇറങ്ങി. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുനയായിരുന്ന ബെല്‍ഫോര്‍ട്ടിനെ കൊച്ചിയിലെ ആരാധകര്‍ അത്രമേല്‍ ആരാധിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ബെല്‍ഫോര്‍ട്ടിനെ ആദ്യ പകുതിയില്‍ സ്റ്റീവ് കൊപ്പല്‍ ഉള്‍പ്പെടുത്തിയത്.ടീം ഫോര്‍മേഷനില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ കളിയിലെന്നപോലെ 4-2-3-1 ശൈലിയാണ് മ്യൂലന്‍സ്റ്റീന്‍ ഇന്നലെയും സ്വീകരിച്ചത്. എന്നാല്‍ കളിക്കാരുടെ വിന്യാസത്തില്‍ മാറ്റം വരുത്തി. കഴിഞ്ഞ കളിയില്‍ സ്‌ട്രൈക്കറുടെ റോളില്‍ തീര്‍ത്തും പരാജയപ്പെട്ട ദിമിത്രി ബെര്‍ബോറ്റവിനെ മധ്യനിരയിലേക്ക് പിന്‍വലിച്ച് ഗോളടിക്കാനുള്ള ചുമതല ഇയാന്‍ ഹ്യുമിന് നല്‍കി. മധ്യനിരയില്‍ ബെര്‍ബറ്റോവിന് ഇടത്തും വലത്തുമായി വിനീതിനെയും ജാക്കിചന്ദ് സിംഗിനെയും ഇറക്കി. ഇത് ടീമിന്റെ മുന്നേറ്റത്തില്‍ ഏറെ മാറ്റമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഹ്യുമിനെ അനസും അരോയും കൃത്യമായി പൂട്ടിയിട്ടത് ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിന്റെ കരുത്ത് കുറച്ചു.
കളി പരിക്കുസമയത്തേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പ് റെച്ചുബ്ക വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷക്കെത്തി. വലതുവിംഗില്‍ നിന്ന് ട്രിനിഡാഡ് ബോക്‌സിലേക്ക് നല്‍കിയ ക്രോസ് മിന്നുന്ന ഹെഡ്ഡറിലൂടെ ബെല്‍േഫാര്‍ട്ട് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി ഉജ്ജ്വലമായ ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തി അപകടം ഒഴിവാക്കി. മത്സരം തീര്‍ന്നതോടെ വിജയം നേടാന്‍ കഴിയാതിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ടീമിനെ കൂവിവിളിക്കുകയും ചെയ്തു.