ചരിത്ര നേട്ടം: ഇന്ത്യ വീണ്ടും ഐഎംഒ യില്‍


, | Published: 12:29 PM, December 02, 2017

IMG

ഡൽഹി : ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് വിജയം . 144 വോട്ട് നേടി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് ഐഎംഒയില്‍ അംഗരാജ്യമായി തുടരാം.146 വോട്ട് നേടിയ ജര്‍മനിയാണ് ഒന്നാം സ്ഥാനത്ത്. ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജന്‍സികളില്‍ ഒന്നാണ് അന്താരാഷ്ട്ര മാരിടൈം സംഘടന (ഐഎംഒ). കടല്‍ മാര്‍ഗമുള്ളയാത്രയുടെ സുരക്ഷ, പരിസ്ഥിതി ആശങ്കകള്‍, നിയമപരമായ കാര്യങ്ങള്‍, സാങ്കേതിക സഹകരണം തുടങ്ങിയവ ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐഎംഒ.
ഐഎംഒ കൗണ്‍സില്‍ രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ബി കാറ്റഗറിയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് മുമ്പ് 10 അംഗരാജ്യങ്ങളും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1959 മുതല്‍ ഇന്ത്യ ഐഎംഒയില്‍ അംഗമാണ്. ഇത് അഭിമാനകരമായ നിമിഷമാണെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ട്വീറ്റ് ചെയ്തു.ഇന്ത്യക്കും ജര്‍മ്മനിക്കും പുറമേ ആസ്‌ട്രേലിയ, ഫ്രാന്‍സ്, കാനഡ, സ്‌പെയിന്‍, ബ്രസീല്‍, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, യുഎഇ എന്നീ രാജ്യങ്ങളാണ് തെരഞ്ഞെടുപ്പിലൂടെ കൗണ്‍സിലില്‍ എത്തിയത്.