ഗോളടിച്ചിട്ടും കൊച്ചിയില്‍ വീണ്ടും സമനില; വിനീതിന് ചുവപ്പ് കാർഡ്


, | Published: 05:15 AM, December 04, 2017

IMG

കൊച്ചി: കൊച്ചിയില്‍ സമനിലക്കെട്ട് പൊട്ടിക്കാനാവാതെ ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ രണ്ട് കളികളും ഗോള്‍ രഹിത സമനിലയിലാണ് കലാശിച്ചതെങ്കില്‍ ഇന്നലെ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒരു വ്യത്യാസം മാത്രം. ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ബ്ലാസ്‌റ്റേഴ്‌സിനായി സിഫ്‌നിയോസും മുംബൈയ്ക്കായി ബല്‍വന്ത് സിങുമാണ് ഗോള്‍ നേടിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ സമനിലകൊണ്ട് തൃപ്തിപ്പെടുന്നത്.അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുടീമുകളുും തമ്മില്‍ ഏറെ വ്യത്യാസമുണ്ടായില്ല. ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍വലക്ക് മുന്നില്‍ കാവല്‍നിന്ന പോള്‍ റെച്ചൂബ്ക പലപ്പോഴും രക്ഷകനായി അവതരിക്കുകയായിരുന്നു.ഹ്യൂമിന് പകരം മാര്‍ക്ക് സിഫ്‌നിയോസാണ് ആദ്യ ഇലവനില്‍ ഇടംനേടിയത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി 4-1-4-1 ശൈലിയിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലെത്തിയത്. 13-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാക്കി ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍. ബെര്‍ബറ്റോവ് തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് റിനോ ആന്റോയ്ക്ക്. പന്തുമായി കുതിച്ച് കയറിയശേഷം മുംബൈ ബോക്‌സിന്റെ ഇടതുപാര്‍ശ്വത്തില്‍ നിന്ന് റിനോ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് സിഫ്‌നിയോസ് ഉജ്ജ്വലമായ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ മുംബൈ ഗോളി അമരീന്ദര്‍ സിങിന് ഒന്നും ചെയ്യാനായില്ല.89-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സി.കെ. വിനീത് പുറത്തുപോയശേഷം പത്തുപേരുമായാണ് കളിക്കേണ്ടിവന്നത്.