ഓഖി അപ്രതീക്ഷിത ദുരന്തം; മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി


, | Published: 12:44 PM, December 06, 2017

IMG

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് അപ്രതീക്ഷിത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മുന്ന് ദിവസം മുമ്പെങ്കിലും അറിയിപ്പ് കിട്ടേണ്ടതായിരുന്നു. എങ്കിലും സംസ്ഥാനം കൈക്കൊണ്ട നടപടികളില്‍ വീഴ്ചയുണ്ടായില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.നവംബര്‍ 30 ന് മാത്രമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ദിവസം മുന്‍പ് മൂന്ന് മണിക്കൂര്‍ ഇടവിട്ട് മുന്നറിയിപ്പ് തരികയും ചുഴലിക്കാറ്റിന്‍റെ ദിശ, പാത എന്നിവയെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ നല്‍കുകയും വേണമായിരുന്നു. ഇതൊന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഓഖി സമഗ്ര ദുരിത പാക്കേജ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗം അംഗീകരിച്ചു. ദുരന്തത്തില്‍ പെട്ട് മരിച്ച കുടുംബത്തിലെ ഒരാള്‍ക്ക് തൊഴില്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കും.