കുട്ടികളിൽ ചെറുപ്രായത്തിൽ മതവിദ്വേഷം കുത്തിവക്കാൻ ശ്രമം;എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്


, | Published: 05:34 PM, January 04, 2018

IMG

തിരുവനന്തപുരം: മതവിദ്വേഷം വളർത്തുന്നതും നിയമവിരുദ്ധവുമായ സിലബസ് പഠിപ്പിച്ച എറണാകുളത്തെ പീസ് ഇന്റർനാഷണൽ സ്‌കൂൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു.രണ്ടുവർഷത്തോളം നീണ്ടുനിന്ന അന്വേഷണത്തിന് ശേഷം.ജില്ലാകളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് പിണറായി വിജയൻ നടപടിയെടുത്തത്.സ്‌കൂളിൽ നിന്ന് മതസ്പർദ്ധ വളർത്തുന്ന തരത്തിൽ ഉള്ള പാഠഭാഗങ്ങൾ 2016 ഒക്ടോബറിലാണ് പൊലീസ് പിടിച്ചെടുത്തത്. ഇസ്ലാമിക പ്രഭാഷകനായ എം.എം അക്‌ബറുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് ഫൗണ്ടേഷനു കീഴിൽ പീസ് ഇന്റർനാഷണൽ എന്ന പേരിൽ പത്തിലധികം സ്‌കൂളുകൾ നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പീസ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സമീപത്തെ വിദ്യാലയങ്ങളിലേക്ക് മാറ്റാനും നിർദ്ദേശമുണ്ട്.സ്‌കൂൾ ട്രസ്റ്റികളും വ്യവസായികളുമായ ബാബു മൂപ്പൻ, നൂർഷ കള്ളിയത്ത്, സിറാജ് മേത്തർ എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായ ബൂർജ് റിയലൈസേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നുവെന്നായിരുന്നു പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. എൻ.സി.ഇ.ആർ.ടി.യോ, സി.ബി.എസ്.ഇ.യോ, എസ്.സി.ഇ.ആർ.ടി.യോ നിർദ്ദേശിക്കുന്ന പാഠപുസ്തകങ്ങളല്ല ഇവിടെ പഠിപ്പിക്കുന്നതെന്നും ചെറുപ്പത്തിലേ കുട്ടികളിൽ മതവിദ്വേഷം കുത്തിവയ്ക്കുന്ന പാഠഭാഗങ്ങളും ചോദ്യോത്തരങ്ങളുമാണ് രണ്ടാം ക്ലാസിലെയും മറ്റും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരുന്നെതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും വിദ്യാഭ്യാസ സെക്രട്ടറിയും നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മുംബൈയിൽ പുസ്തകം അച്ചടിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഭീകര സംഘടനയായ ഐഎസ് ബന്ധമുള്ള ചിലർ കൊച്ചി പീസ് ഇന്റർനാഷണൽ സ്‌കൂളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന സൂചനയെ തുടർന്നാണ് ഈ സ്‌കൂളിനെ സംബന്ധിച്ച് അന്വേഷണം നടത്തിയത്.