അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

അരുണ്‍ ജയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

September 14, 2018 0 By Editor

ന്യൂഡല്‍ഹി: ഇന്ത്യവിടും മുമ്പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ പാര്‍ലമെന്റില്‍ കണ്ടെന്ന വ്യവസായി വിജയ് മല്ല്യയുടെ വെളിപ്പെടുത്തല്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ പുതിയ പോര്‍മുഖം തുറന്നു. നാടുവിടുന്ന വിവരം അറിഞ്ഞിട്ടും തടയാതിരുന്ന ജയ്റ്റ്ലി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം മല്ല്യയ്ക്ക് ഏറ്റവും അധികം സഹായം ലഭിച്ചത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. ഡല്‍ഹിയില്‍ മാരത്തണ്‍ പത്രസമ്മേളനങ്ങള്‍ നടത്തിയാണ് ഇരുപക്ഷവും തങ്ങളുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്.

മല്ല്യയെ പാര്‍ലമെന്റില്‍ കണ്ടെങ്കില്‍ ജയ്റ്റ്ലി എന്തുകൊണ്ട് അന്വേഷണ ഏജന്‍സികളെ അറിയിച്ച് അറസ്റ്റു ചെയ്യിച്ചില്ലെന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദിച്ചു. പാര്‍ലമെന്റില്‍ മല്ല്യ ഏതാനും സെക്കന്‍ഡുകള്‍ മാത്രം സംസാരിച്ചെന്ന ജയ്റ്റ്ലിയുടെ വാദം പൊളിക്കാനാണ് ഇന്നലെ കോണ്‍ഗ്രസ് ശ്രമിച്ചത്. മല്ല്യ നാടുവിടുന്നതിന്റെ തലേന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ജയ്റ്റ്‌ലിയുമായി 15 തവണ ചര്‍ച്ച നടത്തിയത് കണ്ടെന്ന് കോണ്‍ഗ്രസ് എം.പി പി.എല്‍. പൂനിയ വെളിപ്പെടുത്തി. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.