ആസാം ദേശീയ പൗരത്വ പട്ടിക: ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

August 3, 2018 0 By Editor

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. കഴിഞ്ഞ ദിവസം അസം വിമാനത്താവളത്തില്‍ എത്തിയ തൃണമൂല്‍ നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് ബഹളം. തൃണമൂല്‍ എം പിമാര്‍ സഭയുടെ നടുതളത്തിലിറങ്ങി. തൃണമൂലിനൊപ്പം കോണ്‍ഗ്രസും പങ്കുചേര്‍ന്നിട്ടുണ്ട്.

ആസാം പുറത്തു വിട്ട ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരെ പ്രചാരണവുമായെത്തിയവരാണെന്ന് തെറ്റിധരിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് സംഘത്തെ ഇന്നലെയാണ് അസം വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തിയത്.

പൊലീസും വിമാനത്താവള അധികൃതരും ചേര്‍ന്ന് എട്ടംഗ സംഘത്തെയാണ് തടഞ്ഞത്. ചില ഉദ്യോഗസ്ഥര്‍ ഈ സംഘത്തിലുണ്ടായിരുന്നവരോട് അസഭ്യം പറഞ്ഞതായും തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാന്‍ വ്യക്തമാക്കി. എം പിയായ സുകേന്ദു റോയിയെയാണ് ഉദ്യോഗസ്ഥര്‍ അസഭ്യം പറഞ്ഞത്.

ഇതിനുപുറമെ, ഒരു വനിത എം പിയെ കൈയ്യേറ്റം ചെയ്തതായും അദ്ദേഹം ആരോപിച്ചു. സംഭവത്തെ കുറിച്ച് സൂപ്പര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണോയെന്നാണ് ഒബ്രിയാന്‍ ചോദിച്ചത്. എന്നാല്‍, സംസ്ഥാനത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്നും ആളുകള്‍ കൂട്ടംകൂടുന്നത് വിലക്കിയിട്ടുണ്ടെന്നുമാണ് വിമാനത്താവള അധികൃതര്‍ പറഞ്ഞത്.

അസം ദേശീയ പൗരത്വ പട്ടികയെ ചൊല്ലിയുള്ള വിവാദം തുടരുന്നതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസം സന്ദര്‍ശനത്തിനായി എത്തിയത്. തിങ്കളാഴ്ച പുറത്തിറങ്ങിയ അസം ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടികയില്‍ നിന്ന് 40 ലക്ഷത്തോളം പേരാണ് പുറത്തായിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടക്കുന്നത്.