അവലോകന യോഗം അവസാനിച്ചു: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു

അവലോകന യോഗം അവസാനിച്ചു: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചു

August 5, 2018 0 By Editor

ആലപ്പുഴ: പ്രളയക്കെടുതി വിലയിരുത്താനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന അവലോകന യോഗം അവസാനിച്ചു. ആലപ്പുഴയില്‍ മാത്രം 1000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് യോഗം വിലയിരുത്തി. കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കലാണ് അവലോകനയോഗത്തില്‍ എടുത്ത പ്രധാന തീരുമാനം. പാക്കേജ് പുനരുജ്ജീവിപ്പിക്കുന്നതിനായി കേന്ദ്രത്തോട് സഹായം ആവശ്യപ്പെടും.

കുട്ടനാട് പാക്കേജില്‍ നടക്കാതെ പോയ പദ്ധതികള്‍ എല്ലാം തന്നെ നടപ്പിലാക്കും എന്ന് മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു. 123 ബണ്ടുകള്‍ തകര്‍ന്നു കിടക്കുകായാണ്. ഇതില്‍ 20 ശതമാനം പുനര്‍ നിര്‍മ്മിക്കാന്‍ പണം അനുവദിച്ചിട്ടുണ്ട്. കുട്ടനാട് പാക്കേജ് സമഗ്രമായി നടപ്പിലാക്കി വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണാനും യോഗം തീരുമാനിച്ചു.

കുട്ടനാട് പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സഹകരണ മേഖലയില്‍ പ്രത്യേക വായ്പാ പദ്ധതി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വെള്ളം ഇറങ്ങുമ്‌ബോള്‍ വ്യാപക രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടാകും. ഇതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കുട്ടനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തണമെന്നും ഇത്തരത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എല്ലാ ഓഫീസുകളും പ്രത്യേക ഓഫീസര്‍മാരെ നിയോഗിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

അവലോകന യോഗത്തിനുശേഷം കുട്ടനാട് സന്ദര്‍ശിക്കാതെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. കുട്ടനാട് സന്ദര്‍ശിക്കാത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാനോ അലലോകന യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാധ്യമങ്ങളോട് പറയാനോ അദ്ദേഹം തയ്യാറായില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അവലോകന യോഗം ബഹിഷ്‌കരിച്ചിരുന്നു.