അവന്‍ഫീല്‍ഡ് അഴിമതി: നവാസ് ഷരീഫും മകളും അറസ്റ്റില്‍

July 14, 2018 0 By Editor

ലാഹോര്‍: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകള്‍ മറിയവും അഴിമതിക്കേസില്‍ അറസ്റ്റില്‍. ലണ്ടനില്‍നിന്നു പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ ഇവരെ ലഹോര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്.

മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കിയിട്ടുണ്ട്.

അവന്‍ഫീല്‍ഡ് അഴിമതിക്കേസിലാണ് നവാസ് ഷെരീഫിന് പാക്കിസ്ഥാന്‍ അക്കൗണ്ടബിലിറ്റി കോടതി ശിക്ഷ വിധിച്ചത്. ഷെരീഫിനൊപ്പം തന്നെ മകള്‍ മറിയം ഷെരീഫിന് ഏഴ് വര്‍ഷവും മരുമകന്‍ റിട്ട. ലഫ്റ്റനന്റ് മുഹമ്മദ് സഫ്ദറിന് ഒരു വര്‍ഷവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്.

തടവ് ശിക്ഷക്കൊപ്പം ഷെരീഫിന് 8 മില്യണ്‍ പൗണ്ടും മറിയത്തിന് 2 മില്യണ്‍ പൗണ്ടും പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. ഷെരീഫിനും കുടുംബത്തിനുമെതിരെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പാനമ പേപ്പേഴ്‌സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക്ക് സുപ്രീംകോടതി നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്, പ്രധാനമന്ത്രി പദത്തില്‍ നിന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ഷെരീഫ് അതെല്ലാം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് വാദിച്ചത്.