അവിശ്വാസ പ്രമേയം: എ.ഡി.എം.കെയെ വിമര്‍ശിച്ച് എം.കെ. സ്റ്റാലിന്‍

July 21, 2018 0 By Editor

ചെന്നൈ: അവിശ്വാസ പ്രമേയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ പിന്തുണച്ച എ.ഡി.എം.കെയെ വിമര്‍ശിച്ച് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍. അണ്ണാ ഡി.എം.കെയും ബി.ജെ.പിയും സഖ്യത്തിലാണ് ജി.എസ്.ടി, 15ാം ധനകാര്യ കമ്മീഷന്‍, നീറ്റ്, ഹിന്ദി അടിച്ചേല്‍പിക്കല്‍, വര്‍ഗീയ രാഷ്ട്രീയം തുടങ്ങി തമിഴ്‌നാടിനെ പ്രതിസന്ധിയിലാക്കിയ നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടും ബി.ജെ.പിക്കൊപ്പം നിന്നത് ഇതിന് തെളിവാണെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് അണ്ണാ ഡി.എം.കെ എം.പിമാര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഇത് അവിശ്വാസ പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനെ സഹായിച്ചു. കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ബന്ധുക്കളുടെ വീട്ടിലെ ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധന ഫലം കണ്ടെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍, ടിഡിപി യുടെ അവിശ്വാസ പ്രമേയം തള്ളി. 126 പേര്‍ മാത്രമേ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തിയുള്ളൂ. അതേസമയം, പ്രമേയത്തെ എതിര്‍ത്ത് 325 വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂറോളം നീണ്ടുനിന്നു.