ബലാത്സംഗം കേസ്: മുന്‍കൂര്‍ ജാമ്യത്തിനായി ഫാ. എബ്രഹാം വര്‍ഗീസ് സുപ്രീംകോടതിയില്‍

July 14, 2018 0 By Editor

കോട്ടയം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെയാണ് വൈദികന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയില്‍ പോകുന്നതിന് മുമ്പ് രണ്ട് വൈദികരെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘം നീക്കം നടത്തിയിരുന്നത്. ഒപ്പം ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള വഴികളച്ച് പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. പ്രതികള്‍ക്കായി പൊലീസ് വ്യാപക റെയ്ഡ് നടത്തുകയാണ്. പ്രതികളുടെ ബന്ധുവീടുകളിലും തെരച്ചില്‍ നടത്തുന്നുണ്ട്. എബ്രഹാം വര്‍ഗീസിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

മൂന്നാംപ്രതി ജോണ്‍സണ്‍ വി മാത്യു ഇന്നലെ അറസ്റ്റിലായിരുന്നു. വൈദികന്‍ കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള വീടിനു സമീപത്തുനിന്നും വൈദികനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ കേസിലെ നാലു പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായിരിക്കുകയാണ്.

അതേസമയം, വൈദികരെ ഒളിവില്‍ താമസിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു.