ഭിക്ഷാടനം ക്രിമിനല്‍ കുറ്റമായി കാണുന്നത് ശരിയല്ല: ഡല്‍ഹി ഹൈക്കോടതി

August 9, 2018 0 By Editor

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഭിക്ഷാടനം നടത്തുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്നും ഭിക്ഷാടകരുടെ മനുഷ്യാവകാശവും മൗലികാവകാശങ്ങളും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍, കര്‍ണിക സാഹ്നി എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ഭിക്ഷാടനം ക്രിമിനല്‍ കുറ്റമായി കാണുന്നത് ശരിയല്ല, ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും ഇതു നീക്കം ചെയ്യപ്പെടേണ്ടതാണെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

മാഫിയ സംഘങ്ങള്‍ പാവങ്ങളെ ഭീഷണിപ്പെടുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടനം നടത്തിയതിനു പിടിക്കപ്പെട്ടാല്‍ ആദ്യം മൂന്നുവര്‍ഷവും കുറ്റം ആവര്‍ത്തിച്ചാല്‍ പത്തുവര്‍ഷവുമാണ് ആക്ട് പ്രകാരം തടവുശിക്ഷ ലഭിക്കുക.

നിലവില്‍ ഭിക്ഷാടനം തടയുന്നത് സംബന്ധിച്ച് കേന്ദ്ര നിയമങ്ങളൊന്നും നിലവിലില്ലാത്തതിനാല്‍ 1959ലെ ബോബെ പ്രിവന്‍ഷന്‍ ഓഫ് ബെഗിങ് ആക്ടാണ് ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പിന്തുടരുന്നത്.