ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പ്പാപ്പയ്ക്ക്‌ കത്ത് നല്‍കി

September 17, 2018 0 By Editor

കൊച്ചി: ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെ ബിഷപ്പ് ഫ്രാങ്കോ ജലന്ധര്‍ രൂപതയുടെ ഭരണച്ചുമതല ഒഴിയാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കത്ത് നല്‍കി.ന്യൂഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്കാണ് ഇന്നലെ കത്ത് നല്‍കിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ബിഷപ്പ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്നാണ് സൂചന. കത്തയച്ച കാര്യം ജലന്ധര്‍ രൂപത സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ദേഹം ചുമതലകള്‍ മറ്റൊരാള്‍ക്ക് കൈമാറിയിരുന്നു.

താല്‍ക്കാലികമായി ഭരണച്ചുമതലകളില്‍ നിന്ന് മാറി നില്‍ക്കാന്‍ അനുവദിക്കണം. 19ന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നിയമനടപടികളുമായി പൂര്‍ണമായും സഹകരിക്കും. കേസില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം വേണം. അന്വേഷണവുമായി സഹകരിക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ട ആവശ്യങ്ങള്‍ ഉള്ളതിനാല്‍ മാറി നില്‍ക്കാന്‍ അനുവദിക്കണമെന്നാണ് ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങള്‍ ബിഷപ്പ് നിഷേധിച്ചിട്ടുണ്ട്.തന്റെ നിരപരാധിത്വം എത്രയും വേഗം തെളിയുമെന്നാണ് കരുതുന്നത്. കേസില്‍ തന്റെ നിരപരാധിത്തത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പരാമര്‍ശങ്ങള്‍ കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി മുന്നോട്ട് പോകും. കേസിന്റെ കാര്യങ്ങളില്‍ മാത്രമായി കേന്ദ്രീകരിക്കേണ്ടതിനാലാണ് താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും കത്തില്‍ പറയുന്നു.

ചോദ്യം ചെയ്യലിനായി കേരളത്തിലേക്ക് പോകുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രൂപതയുടെ ചുമതലകള്‍ മറ്റൊരു ബിഷപ്പിന് കൈമാറിയിരുന്നു. രൂപതയുടെ സ്ഥാനത്തിരിക്കുമ്പോള്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അത് സഭാനേതൃത്വത്തെ തനിക്ക് എതിരാക്കുമെന്ന ആശങ്കയും ഫ്രാങ്കോയ്ക്കുണ്ട്.