ബിഷപ് പീഡനക്കേസ്: ഇരയ്‌ക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കാം

ബിഷപ് പീഡനക്കേസ്: ഇരയ്‌ക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കാം

September 14, 2018 0 By Editor

അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്ന് ഹൈക്കോടതി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ ഇരയ്‌ക്കോ സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടെങ്കില്‍ കോടതിയെ അറിയിക്കാമെന്നും ഹൈക്കൊടതി വ്യക്തമാക്കി. ബിഷപ്പിന്റെ ചോദ്യം ചെയ്യലിനുശേഷം ഹര്‍ജികള്‍ പരിഗണിക്കുന്നതാകും ഉചിതം. സഭയിലെ ഉന്നതര്‍ ഇരയെയും സാക്ഷികളെയും സ്വാധീനിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം.

സാക്ഷികളും ഇരയും അവരുടെ ബന്ധുക്കളും അവരെ ബന്ധപ്പെടുന്നവരും നിരീക്ഷണത്തിലാണ്. അഞ്ച് സംസ്ഥാനങ്ങളും കേരളത്തിലെ ഏഴ് ജില്ലകളും അന്വേഷണ പരിധിയിലുണ്ട്. ഇതുവരെ 81 സാക്ഷികളെ ചോദ്യംചെയ്തു. 34 രേഖകള്‍ പരിശോധിച്ചു. അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി കേസെടുക്കാന്‍ ഉതകുന്നതല്ലെന്നും പൊലീസ് വിശദീകരിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് മുദ്രവെച്ച കവറില്‍ കോടതിക്കു കൈമാറി. കന്യാസ്ത്രീക്കും സാക്ഷികള്‍ക്കും കുറവിലങ്ങാട്ടെ മഠത്തിനും സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ കേസന്വേഷണം തൃപ്തികരമല്ലെന്നുകാട്ടി കേരള കത്തോലിക്കാ നവീകരണ സമിതി, ജോര്‍ജ് വട്ടക്കുളം, വി രാജേന്ദ്രന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ 24 ലേക്ക് മാറ്റി. സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സി ശ്രീധരന്‍നായര്‍ ഹാജരായി.