ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും: മൂന്നാം ഘട്ടം ചേദ്യം ചെയ്യല്‍ പരോഗമിക്കുന്നു

September 21, 2018 0 By Editor

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം മൂന്നാം ഘട്ടം ചോദ്യം ചെയ്യുന്നു. ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ ഏഴ് മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. കന്യാസ്ത്രീ പൊലീസിനു നല്‍കിയ മൊഴി, ചങ്ങനാശേരി കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ്, ബിഷപ്പിന്റെ മുന്‍ ഡ്രൈവറുടെ മൊഴി, കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍, ഇവിടെ നടത്തിയ ശാസ്ത്രീയ പരിശോധനകളുടെ ഫലം തുടങ്ങിയ തെളിവുകള്‍ ഉപയോഗിച്ചാണ് ചോദ്യം ചെയ്യല്‍.

ഇന്നലെ ബിഷപ് നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം രാത്രി തന്നെ അന്വേഷണ സംഘം വിലയിരുത്തിയിരുന്നു. ഇതു കൂടി കൂട്ടിച്ചേര്‍ത്താവും ഇന്നത്തെ ചോദ്യം ചെയ്യല്‍. പീഡനം നടന്നെന്നു പറയുന്ന തീയതികളിലെല്ലാം ബിഷപ് മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശക രജിസ്റ്ററിലുണ്ടെന്നും ഇതു തിരുത്തിയിട്ടില്ലെന്ന ഫൊറന്‍സിക് രേഖയുണ്ടെന്നും പൊലീസ് പറയുന്നു.

അതേസമയം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെ വീണ്ടും വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. സമരം നടത്തുന്നതിലൂടെ സഭകളെ അവഹേളിക്കാനുള്ള ശ്രമമാണ് കന്യാസത്രീകള്‍ നടത്തുന്നതെന്നും ഇതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും കോടിയേരി ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയിരിക്കുന്നത്.

സമരത്തിനു പിന്നില്‍ ദുരുദ്ദേശമാണെന്ന ആരോപണവുമായി കോടിയേരി കഴിഞ്ഞ ദിവസവും രംഗത്ത് എത്തിയിരുന്നു. രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമായിട്ടാണ് സമരമെന്നും സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണു ശ്രമമെന്നും കോടിയേരി ആരോപിച്ചിരുന്നു.