നട്ടെല്ല് എ. കെ. ജി സെന്ററിൽ പണയം വെക്കാത്ത നൂറുകണക്കിന്‌ മാദ്ധ്യമപ്രവർത്തകർ ഈ കേരളത്തിലുണ്ടെന്ന്  കെ സുരേന്ദ്രൻ

നട്ടെല്ല് എ. കെ. ജി സെന്ററിൽ പണയം വെക്കാത്ത നൂറുകണക്കിന്‌ മാദ്ധ്യമപ്രവർത്തകർ ഈ കേരളത്തിലുണ്ടെന്ന് കെ സുരേന്ദ്രൻ

January 3, 2019 0 By Editor

ബിജെപിയെ ബഹിഷ്കരിക്കുമെന്ന ഇടത് അനുകൂല മാദ്ധ്യമ പ്രവർത്തകരുടെ പ്രസ്താവനയ്കക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. മാദ്ധ്യമങ്ങളുടെ കരപരിലാളന ഏറ്റുവാങ്ങിയല്ല കേരളത്തിൽ സംഘപരിവാർ സംഘടനകൾ വളർന്നത്. നട്ടെല്ല് എകെജി സെന്ററിൽ പണയം വെക്കാത്ത നൂറുകണക്കിന്‌ മാദ്ധ്യമപ്രവർത്തകർ ഈ കേരളത്തിലുണ്ടെന്നും കെ സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

ബി. ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇന്ന് കോഴിക്കോട്‌ ഒരു വാർത്താസമ്മേളനം വിളിച്ചിരുന്നു. ജനം ടി. വി, ജീവൻ ടി. വി, മംഗളം ചാനൽ, അമൃത ടി. വി തുടങ്ങിയ ചാനലുകളും മാതൃഭൂമി, ജന്മഭൂമി പത്രങ്ങളും മാത്രമാണ് വാർത്താസമ്മേളനത്തിന് വന്നത്. പിന്നീടാണ് അറിഞ്ഞത് പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റി ബിജെപിയെ ബഹിഷ്കരിക്കാൻ തീരുമാനിച്ചതുകൊണ്ടാണ് മറ്റുള്ളവർ വരാതിരുന്നതെന്ന്. സമാനമായ നിലയിൽ പാർട്ടി അധ്യക്ഷന്റ തിരുവനന്തപുരത്തെയും വാർത്താസമ്മേളനം ബഹിഷ്കരിച്ചിരുന്നു എന്ന് പിന്നീട് മനസ്സിലായി.

മാധ്യമരംഗത്തെ സി. പി. എം ഫ്രാക്ഷന്റെ സമ്മർദ്ദമാണ് ഈ നീക്കത്തിനു പിന്നിലെന്ന് അറിയുന്നു. പി. ജയരാജൻ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ ആക്രമിച്ചപ്പോഴും പിണറായി വിജയൻ കടക്കെടാ പുറത്ത് എന്നുപറഞ്ഞ് മാധ്യമപ്രവർത്തകരെ ആട്ടിയപ്പോഴും പി. കെ. കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകിയ വേളയിൽ ഏഷ്യാനെറ്റിലെ വനിതാ റിപ്പോർട്ടർ ദീപയടക്കം ഇരുപതോളം മാധ്യമപ്രവർത്തകരെ ക്രൂരമായി ആക്രമിച്ചപ്പോഴും കാണാത്ത ബഹിഷ്കരണം ഇപ്പോഴുണ്ടാവുന്നത് അൽഭുതപ്പെടുത്തുന്നു.

ശബരിമലയിലുണ്ടായ അതിനീചമായ സർക്കാർ നടപടിക്കും അയ്യപ്പഭക്തനെ കല്ലെറിഞ്ഞുകൊന്ന സി. പി. എം നടപടിക്കുമെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വലിയ ബഹുജനവികാരമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നത്തെ ഹർത്താലിൽ പ്രതിഫലിച്ചിരിക്കുന്നത്. പതിവിൽ നിന്നു വ്യത്യസ്ഥമായി ഇന്നത്തെ ഹർത്താലിൽ പലയിടത്തും പൊലീസിനൊപ്പം സി. പി. എം ക്രിമിനലുകളും എൻ. ഡി. എഫ് അക്രമികളും ഹർത്താലനുകൂലികളെ നേരിടാൻ രംഗത്തിറങ്ങി. അനിഷ്ടസംഭവങ്ങൾക്കിടയിൽ ഏതാനും മാധ്യമപ്രവർത്തകർക്കും പരിക്കുപറ്റിയെന്നുള്ളത് വേദനാജനകം തന്നെയാണ്.

ഇന്നലെ മുതൽ ചെറിയ സംഭവങ്ങൾപോലും പർവതീകൃതവാർത്തകളായി മാധ്യമങ്ങളിൽ അത് വരുന്നുമുണ്ട്. ആരും ആസൂത്രണം ചെയ്തതോ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സംഭവങ്ങളോ അല്ല ഇതെന്നത് പകൽപോലെ വ്യക്തമാണു താനും. ഞങ്ങൾക്കു പറയാനുള്ളതും റിപ്പോർട്ട് ചെയ്യുക എന്നത് പത്രധർമ്മത്തിന്റെ സാമാന്യനീതിയാണ്. ആ സാമാന്യനീതി ഞങ്ങൾക്കു നിഷേധിക്കുന്നത് ധാർമ്മികമല്ല. സി. ഐ. ടി. യു മാധ്യമപ്രവർത്തകർ തീരുമാനിക്കുന്നതുപോലെയാണോ കേരളത്തിലെ മാധ്യമങ്ങളിൽ കാര്യങ്ങൾ നടക്കുന്നത്? പത്രപ്രവർത്തകയൂനിയന്റെ ഈ അപക്വമായ ഈ തീരുമാനം മാനേജ്‌മെന്റുകളും അറിഞ്ഞുകൊണ്ടാണോ? ബഹുമാന്യരായ ജോണി ലൂക്കോസും എം. ജി. രാധാകൃഷ്ണനും ഉണ്ണിബാലകൃഷ്ണനുമൊക്കെ ഇതിനോടു യോജിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അവർ ഇക്കാര്യം ജനങ്ങളോട് തുറന്നുപറയണം.

മാധ്യമങ്ങളുടെ കരപരിലാളന ആവോളം ഏറ്റുവാങ്ങിയല്ല കേരളത്തിൽ സംഘപരിവാർ സംഘടനകൾ വളർന്നുവന്നത്. ഒരു കാര്യം എല്ലാവരും ഓർക്കുന്നത് നല്ലത്. ഈ തിട്ടൂരമൊന്നും അംഗീകരിക്കാത്ത നട്ടെല്ല് എ. കെ. ജി സെന്ററിൽ പണയം വെക്കാത്ത നൂറുകണക്കിന്‌ മാധ്യമപ്രവർത്തകർ ഈ കേരളത്തിലുണ്ട്. അവരാരും ഈ അനീതി അംഗീകരിക്കില്ല. ജനങ്ങളാണ് പരമാധികാരികൾ. ജനങ്ങളിൽ വിവരങ്ങളെത്തിക്കാനുള്ള അനേകം മാർഗ്ഗങ്ങളിലൊന്നു മാത്രമായി ഇന്ന് ദൃശ്യമാധ്യമങ്ങൾ ചുരുങ്ങിയിട്ടുണ്ട്.

ഒറ്റപ്പെടുത്താനും അപമാനിക്കാനും രാഷ്ട്രീയതീരുമാനമെടുത്താൽ ഞങ്ങൾക്ക് അതൊരു പുതിയ വെല്ലുവിളി കൂടി വന്നിരിക്കുന്നു എന്നു മാത്രമേയുള്ളൂ. ഏതായാലും ആത്മാഭിമാനം പണയപ്പെടുത്തി പിറകെ വരില്ല. വാർത്തകൾ ഉണ്ടാവുന്നതാണ്. അതിനെ തമസ്കരിക്കാൻ അധികകാലം ആർക്കും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ശബരിമല പ്രക്ഷോഭം. സവർക്കറുടെ വാക്കുകളാണ് ഈ കാര്യത്തിൽ ഞങ്ങളെ എപ്പോഴും മുന്നോട്ട് നയിക്കുന്നത്. ” നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കിൽ നിങ്ങളെക്കൂടാതെ, നിങ്ങളെതിർത്താൽ നിങ്ങളെ ചെറുത്തുകൊണ്ട്”. ചരൈവേതി ചരൈവേതി. എന്നും കെ സുരേന്ദ്രൻ പോസ്റ്റിൽ പറയുന്നു.