ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നത്തോടെ അവസാനിപ്പിക്കുന്നു: യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു

ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും ഇന്നത്തോടെ അവസാനിപ്പിക്കുന്നു: യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു

April 21, 2018 0 By Editor

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിശിത വിമരശകനായിരുന്ന മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ ഒടുവില്‍ പാര്‍ട്ടി വിടുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ മോദിയുടെ ഒറ്റയാള്‍ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന സിന്‍ഹയെ പാര്‍ട്ടി നേതൃത്വം പലകുറി വിലക്കിയെങ്കിലും കടുത്ത വിമര്‍ശനവുമായി മുന്നോട്ടു പോവുകയായിരുന്നു.

ബിഹാറില്‍ പട്‌നയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയിലാണ് യശ്വന്ത് സിന്‍ഹ തന്റെ രാജിപ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ജനാധിപത്യം പ്രതിസന്ധിയിലാണെന്നും ഈ സാഹചര്യത്തില്‍ ബിജെപിയില്‍ തുടരാനാവില്ലെന്നുമാണ് സിന്‍ഹ വ്യക്തമാക്കിയത്. കോണ്‍ഗ്രസ്, ആര്‍ജെ ഡി, പാര്‍ട്ടി നേതാക്കളും ശത്രുഘ്‌നന്‍ സിന്‍ഹയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. എല്ലാ തരത്തിലുമുള്ള പാര്‍ട്ടി രാഷ്ട്രീയത്തില്‍നിന്ന് താന്‍ സന്യാസം സ്വീകരിക്കുകയാണ്. ബി ജെ പിയുമായുള്ള എല്ലാ ബന്ധവും ഇന്നത്തോടെ അവസാനിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

നോട്ട് നിരോധനമടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പൊതുവേയും പ്രധാനമന്ത്രിക്ക് പ്രത്യേകിച്ചും വന്‍സമ്മര്‍ദ്ദമുണ്ടാക്കാന്‍ യശ്വന്ത് സിന്‍ഹയ്ക്ക് കഴിഞ്ഞിരുന്നു. മോദിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തുള്ള ബിഹാറില്‍ നിന്നുള്ള മറ്റൊരു നേതാവായ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കൊപ്പം പാര്‍ട്ടി വിടുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം.

തുടക്കം മുതല്‍ തന്നെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ അദ്വാനി ക്യാമ്പിലുള്ള നേതാവായിരുന്നു വാജ് പേയി മന്ത്രിസഭയിലെ ധനകാര്യമന്ത്രി കൂടിയായ സിന്‍ഹ. 2012 ല്‍ നരന്ദ്രമോദിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാാര്‍ഥിയായി പ്രഖ്യാപിക്കുന്ന നാഷണല്‍ എക്‌സിക്യൂട്ടിവില്‍ അദ്വാനിക്യാമ്പ് നിസഹകരിച്ചിരുന്നു.ഇതില്‍ പ്രതിഷേധിച്ച് എന്‍ഡിഎ യുമായി 19 വര്‍ഷം നീണ്ട ബന്ധം വിച്ഛേദിച്ച് ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി കൈകോര്‍ത്ത് ബിഹാറില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാര്‍ വീണ്ടും ബിജെപി പാളയത്തിലെത്തിയിരുന്നു.

അന്ന് അദ്വാനി ക്യാമ്പിലുണ്ടായിരുന്ന കേന്ദ്രമന്ത്രി സുഷമ സ്വാജ് അടക്കമുള്ള നേതാക്കളെ പിന്നീട് നിശ്ബ്ദരാക്കാന്‍ മോദിക്ക് കഴിഞ്ഞു അദ്വാനിയാകട്ടെ രാഷ്ട്രീയ വനവാസത്തിലുമായി. ഈ സാഹചര്യത്തില്‍ മോദിക്കെതിരെ തുടരെ തുടരെ വിമര്‍ശനങ്ങള്‍ അഴിച്ചു വിടുന്ന യശ്വന്ത് സിന്‍ഹയെ പുറത്താക്കണമെന്ന് ആവശ്യമുയര്‍ന്നുവെങ്കിലും തുടരട്ടെ എന്ന നിലപാടിലായിരുന്നു ആര്‍.എസ്.എസ്. ഇതിന് വിരാമമിട്ടുകൊണ്ടാണ് സിന്‍ഹ ഇപ്പോള്‍ പാര്‍ട്ടി വിടുന്നത്. മകന്‍ ജയന്ത് സിന്‍ഹ ഇപ്പോഴും മോദി മന്ത്രസഭയിലെ വ്യോമയാന സഹമന്ത്രിയാണ്.