ഭൂമി രണ്ടായി പിളര്‍ന്നു: പെരുമണ്ണയില്‍ ഭീതിയോടെ ജനങ്ങള്‍

May 11, 2018 0 By Editor

കോട്ടയ്ക്കല്‍: പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയില്‍ ഭൂമി വിള്ളല്‍ പ്രതിഭാസം. 70 മീറ്റര്‍ നീളത്തിലാണ് ഭൂമി രണ്ടായി പിളര്‍ന്നത്. പറമ്പില്‍ മേയുകയായിരുന്ന ആട്ടിന്‍കുട്ടി ഭൂമിക്കടിയില്‍പോയി. സമീപത്തെ ആള്‍ത്താമസമുള്ള വീടിന്റെ ഒരു ഭാഗം പൂര്‍ണമായും വിണ്ടുകീറിയതോടെ വീട്ടുകാര്‍ ഭീതിയിലാണ്. നാലുവര്‍ഷം മുന്‍പാണ് പ്രദേശത്ത് ഭൂമിയില്‍ വിള്ളല്‍ കണ്ടുതുടങ്ങിയത്. പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട്ടിലാണ് ആദ്യം വിളളല്‍ കണ്ടെത്തിയത്. വിവരം അധികൃതരെ അറിയിച്ചപ്പോള്‍ വീടു പൊളിച്ചുനീക്കാനായിരുന്നു നിര്‍ദേശം. പിന്നീട് വീടുപൊളിച്ച് അവരുടെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റി.

പകരം വീടുനിര്‍മിക്കാന്‍ സര്‍ക്കാര്‍ കനിഞ്ഞതുമില്ല. ആ പറമ്പിലാണ് ഇപ്പോള്‍ നീളത്തില്‍ ഭൂമി വിണ്ടുകീറിക്കൊണ്ടിരിക്കുന്നത്. ആഴം എത്രയുണ്ടെന്ന് വ്യക്തമല്ല. വിണ്ടുകീറിയ ഭൂമിയുടെ ഒരു വശം റോഡാണ്. പറമ്പില്‍ മേയുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച പരുത്തിക്കുന്നന്‍ സമദിന്റെ ആട്ടിന്‍കുട്ടി വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണു. ആട്ടിന്‍കുട്ടിയെ രക്ഷിക്കാന്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണുനീക്കിയെങ്കിലും വിഫലമായി. ഇന്നലെവരെ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ ഭൂമിക്കടിയില്‍നിന്ന് കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇതിനു സമീപത്തെ പൊട്ടംചോല റഹീമിന്റെ വീടിന്റെ ഇടതുവശം പൂര്‍ണമായി വിണ്ടുകീറി.

വീട് ഒരുവശം ചെരിഞ്ഞാണു നില്‍ക്കുന്നത്. റഹീമിന്റെ ഭാര്യയും നാലുകുട്ടികളും വിണ്ടുകീറിയ വീട്ടിലാണ് താമസം. ഏതുസമയവും വീട് പൂര്‍ണമായും നിലംപൊത്താമെന്ന അവസ്ഥയിലാണ്. വിള്ളല്‍ ശക്തമാകുന്നതിന്റെ സൂചനയായി ഭൂമിക്കടിയില്‍നിന്ന് പലപ്പോഴും ശബ്ദം കേള്‍ക്കാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. വിണ്ടുകീറിയ വീട്ടില്‍ ഭീതിയോടെയാണ് അവര്‍ കഴിയുന്നത്. സമീപത്ത് കുഴല്‍ക്കിണര്‍ ധാരാളമുള്ളതാണ് കാരണമെന്നാണ് അധികൃതര്‍ നേരത്തേ കണ്ടെത്തിയത്. എന്നാല്‍, ഇതുസംബന്ധിച്ചു വിശദമായ പഠനം നടന്നില്ല. ഭൂമി പിളര്‍ന്നുമാറുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.