ബ്രിട്ടനില്‍ ചൂട് 35 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യത

July 23, 2018 0 By Editor

ബ്രിട്ടന്‍: ബ്രിട്ടനില്‍ ചൂട് കൂടുന്നു. സ്‌പെയിനില്‍ നിന്നുമെത്തുന്ന ചൂടന്‍ കാറ്റാണ് ബ്രിട്ടനില്‍ താപനില ഉയര്‍ത്തുന്നത്. വെള്ളിയാഴ്ച വരെ കാലാവസ്ഥ മാറ്റമില്ലാതെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ട്. 2003ലാണ് ഇതുവരെറെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയത്. ബ്രിട്ടനില്‍ 38.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ചൂട് മൂലം ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങിയതോടെ റോഡുകള്‍ ട്രാഫിക് ജാമില്‍ മുങ്ങി. മഴ കനിയാത്തതിനാല്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് വാട്ടര്‍ കമ്പനികള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാല് മിനിറ്റിനുള്ളില്‍ കുളി തീര്‍ക്കണമെന്നാണ് യുണൈറ്റഡ് യൂട്ടിലിറ്റീസിന്റെ നിര്‍ദ്ദേശമുള്ളത്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ആഗസ്റ്റ് 5 മുതല്‍ ഹോസ്‌പൈപ്പ് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് കമ്പനികള്‍.

ബ്രിട്ടീഷ് ബീച്ചുകളില്‍ ജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കെന്റിലെ ഫോക്ക്‌സ്റ്റോണ്‍ ബീച്ച് തീരത്ത് വന്‍തോതില്‍ ജെല്ലിഫിഷ് അക്രമം നടക്കുന്നതിനാല്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. 2.5 കിലോ വരെ ഭാരമുള്ള ജെല്ലിഫിഷുകളുടെ കടിയേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.