മൂന്നാറിലേക്ക് വിനോദയാത്രക്ക് പോയ ബസ്സ് കൊക്കയിലേക്ക് മറിഞ്ഞു ;വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

December 5, 2018 0 By Editor

വടക്കാഞ്ചേരി: പഴയന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മൂന്നാർ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കു പോയ ബസ്സ് 25 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് ബസ്സിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം പഴയന്നൂർ ഗവൺമെൻ്റ് സ്കൂളിലെ പ്ലസ്സ് ടു വിദ്യാർത്ഥികളാണ്മൂന്ന് ദിവസത്തെ വിനോദസഞ്ചാരത്തിനായി സ്ക്കൂളിൽ നിന്ന് കൊണ്ടു പോയത്. 80 ഓളം വിദ്യാർത്ഥികളാണ് മൂന്നാറിലേക്ക് പോയത്. രണ്ടു ബസ്സുകളിലായാണ് മൂന്നാറിലേക്ക് പോന്നത്. മൂന്നാറിൽ നിന്ന് അടിമാലിയിലേയ്ക്കുള്ള യാത്ര മദ്ധ്യേ ബസ്സ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ പെട്ടെന്ന് ടയർ തെന്നി 25-അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയാണ് ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസ്സ് മറിയുന്നതിനിടയിൽഒരു മരത്തിൻ്റെ ശിഖിരത്തിൽ തട്ടി നിന്നതുമൂലം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. വിദ്യാർത്ഥിനികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സ് അപകടത്തിൽപ്പെട്ടതറിഞ്ഞ പഴയന്നൂർ മേഖലയിലെ നാട്ടുകാർ എത്തുകയും, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു.40 ഓളം വിദ്യാർത്ഥിനികൾ ഈ ബസ്സിൽ യാത്ര ചെയ്തിരുന്നത്.15 ഓളം വിദ്യാർത്ഥിനികൾക്കും, നാലോളം അധ്യാപികമാർക്കും ,ബസ്സ് ഡ്രൈവർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. തുടർന്ന് തൊട്ടടുത്ത താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകി എല്ലാവരേയും വിട്ടയച്ചു. വിവരം കേട്ടറിഞ്ഞ് ഭയചകിതരായ പലരുടേയും രക്ഷിതാക്കളും സ്ഥലത്ത് എത്തിയിരുന്നു. മറ്റൊരു വണ്ടിയിൽ എല്ലാവരും നാട്ടിലേക്ക് തിരിച്ച് എത്തുകയും ചെയ്തു.

Report: സിന്ധുര നായർ