ക്രാഷ് ബാരിയറില്ല: കരിപ്പുഴ തോട്ടില്‍ അപകടങ്ങള്‍ നിത്യസംഭവമായി മാറുന്നു

June 11, 2018 0 By Editor

കായംകുളം: കായംകുളം പാര്‍ക്ക് ജംഗ്ഷന്‍ പാലത്തിന് വടക്ക് വശം കരിപ്പുഴ തോട്ടിലേക്ക് ബൈക്ക് യാത്രക്കാര്‍ തെറിച്ചു വീഴുന്നത് നിത്യസംഭവമായി മാറുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നത് മൂലമാണ് പലരും അപകടത്തില്‍ നിന്നും മരണത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുന്നത്. കനാലിന്റെ വടക്കുവശത്തുകൂടി ബസാര്‍ പാലത്തിലേക്കു പോകുന്ന റോഡിന്റെ വശങ്ങളില്‍ ക്രാഷ് ബാരിയര്‍ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണം.

പാര്‍ക്ക് ജംഗ്ഷന്‍ പാലത്തിന്റെ വടക്കുവശത്തുകൂടി പടിഞ്ഞാറോട്ട് തിരിഞ്ഞു വരുന്ന ബൈക്കുകളാണ് മിക്കപ്പോഴും അപകടത്തില്‍പ്പെടുന്നത്. യൂടേണ്‍ തിരിഞ്ഞു തെക്കോട്ട് വന്ന് പിടഞ്ഞാറോട്ട് തിരിയുമ്‌ബോഴാണ് അപകടം പതിയിരിക്കുന്നത്. റോഡും ജലാശവും തമ്മില്‍ മീറ്ററുകളുടെ വ്യത്യാസമേയുള്ളു. സസ്യ മാര്‍ക്കറ്റില്‍ ഇടയ്ക്കിടെയുണ്ടാകുന്ന രൂക്ഷമായ ഗതാഗത കുരുക്കില്‍ നിന്ന് രക്ഷപ്പെട്ടു വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവരും റെയില്‍വേ സ്‌റ്റേഷനിലേക്ക് പോകുന്ന ഇരുചക്രവാഹന യാത്രികരും’ ഓട്ടോറിക്ഷാ പോലെയുള്ള ചെറു വാഹനങ്ങളും ഈ വഴി തിരിഞ്ഞാണ് പോകുന്നത്.

എന്നാല്‍ ഈ റോഡിനെപ്പറ്റി ശരിയായ ധാരണയില്ലാത്തവര്‍ നേരെ വാഹനങ്ങള്‍ ഓടിച്ച് വരുമ്‌ബോഴാണ് ആഴവും ചെളിയും, മാലിന്യവും കൊണ്ട് മൂടപ്പെട്ട തോട്ടില്‍ വീഴുന്നത്. കഴിഞ്ഞ ദിവസം ദൂരയാത്ര സഞ്ചാരകനായ ഒരു യുവാവ് ഈ തോട്ടില്‍ വീണു. എന്നാല്‍ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം യുവാവിന്റെ ജീവന്‍ പൊലിഞ്ഞില്ല . കഴിഞ്ഞ ആറുമാസത്തിനിടെ ആറോളം ബൈക്കുയാത്രക്കാര്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.

രാത്രിയിലാണ് അപകടം സംഭവിക്കുന്നതെങ്കില്‍ ജീവന്‍ അപായപ്പെടുമെന്നുറപ്പാണ്. അങ്ങിങ്ങായി ചെറിയ കൈവരികള്‍ ഉണ്ടെങ്കിലും പൂര്‍ണമായും ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കാത്തതാണ് ഇവിടെ അപകടം പതിവാകുന്നത്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ഇതുവഴിയുള്ള രാത്രിയാത്രയും ദുഷ്‌ക്കരമായിരിക്കുകയാണ്. ഇവിടെ തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് രാത്രിയാത്രികര്‍ക്ക് വെല്ലുവിളി നേരിടുകയാണ്. ഇതേകുറിച്ചുള്ള പരാതികള്‍ കായംകുളം മുനിസിപ്പല്‍ ഭരണകൂടം ചെവികൊള്ളുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.