ഒറ്റപ്പാലം കൊലപാതകം: രജനി മരിച്ചത് പിടയുക പോലും ചെയ്യാതെ, മകളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്

ഒറ്റപ്പാലം കൊലപാതകം: രജനി മരിച്ചത് പിടയുക പോലും ചെയ്യാതെ, മകളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി പോലീസ്

October 1, 2022 0 By Editor

ഒറ്റപ്പാലം: ഒറ്റപ്പാലം കോതക്കുറിശിയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം അതിക്രൂരമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പറയുന്നത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഇത് ഭർത്താവ് കൃഷ്ണദാസ് മടവാള്‍കൊണ്ട് വെട്ടിയപ്പോഴുണ്ടായതാണെന്ന് പൊലീസ് പറഞ്ഞു. രജനിയുടെ കഴുത്തിലും താടിയിലുമായി എട്ട് മുറിവുകളാണ് ഉണ്ടായിരുന്നത്.

വെട്ടേറ്റപ്പോൾ പിടയുകപോലും ചെയ്യാതെ മരിച്ചു എന്നാണ് ലക്ഷണങ്ങൾ തെളിയിക്കുന്നതെന്ന് ശാസ്ത്രീയപരിശോധനാവിദഗ്ധരും പൊലീസും പറയുന്നു. രജനിയെ മാത്രമല്ല മകൾ അനഘയെയും കൊല്ലാനാണ് കൃഷ്ണദാസ് പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ അനുമാനം. ഇതിനു ബലമേകുന്ന മൊഴിയാണ് കൃഷ്ണദാസ് നൽകിയതെന്നാണ് സൂചന. അനഘയെ കൃഷ്ണദാസ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. മൂന്ന് മക്കളിൽ രണ്ടാമത്തെ കുട്ടിയാണ് അനഘ. കൊലപാതകത്തിനു പുറമേ വധശ്രമത്തിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുടുംബത്തില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളും കൃഷ്ണദാസിനുള്ള മാനസികപ്രയാസങ്ങളുമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു.

താന്‍ ഉറങ്ങിക്കിടക്കുമ്പോൾ മുടിക്ക് കുത്തിപ്പിടിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നും ശബ്ദം കേട്ട് സഹോദരന്‍ ഓടിവന്ന് തടയുകയായിരുന്നെന്നുമാണ് ചികിത്സയിലുള്ള അനഘയുടെ മൊഴി. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവമുണ്ടായത്. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന രജനിയെ ഭര്‍ത്താവ് കൃഷ്ണദാസ് വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് കേസ്. ശേഷം മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ചത് എന്താണെന്നോ, ഇതിന് പിന്നിലെ പ്രകോപനം എന്തെന്നോ ഇതുവരെ വ്യക്തമല്ല. പുലർച്ചെ വെള്ളം കുടിക്കാൻ എണീറ്റ സമയത്താണ് സംഭവം നടന്നതെന്നും പറയപ്പെടുന്നു. കുട്ടി ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ കൃഷ്ണദാസിനെ ഒറ്റപ്പാലം പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുറച്ച് ദിവസങ്ങളായി കൃഷ്ണദാസ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. രണ്ടുതവണ ഇതിന് ചികിത്സ തേടിയിട്ടുണ്ട്. കെട്ടിട നിർമാണ തൊഴിലാളിയായ കൃഷ്ണദാസ് സംഭവദിവസം രാത്രി എട്ടുമണിയോടെയാണ് വീട്ടിലെത്തിയത്. വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും വാങ്ങിയായിരുന്നു രാത്രി പത്തുമണിയോടെ ഉറങ്ങി. ഇതിനിടയിൽ മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. പുലർച്ചെ കൃഷ്ണദാസിന്റെ മകളുടെ കരച്ചിൽ കേട്ടാണ് അയലത്ത് താമസിക്കുന്ന സഹോദരൻ ഓടി വന്നത്. അപ്പോഴാണ്, രജനിയെ വെട്ടിക്കൊന്ന നിലയിൽ കണ്ടെത്തിയത്. ആക്രമിക്കാൻ ഉപയോഗിച്ച വെട്ടുകത്തിയും സമീപത്ത് ഉണ്ടായിരുന്നു.