ചൈനയില്‍ നിന്നുള്ള ഭീഷണി മറികടക്കാന്‍ ആന്ധ്രാപ്രദേശില്‍ പുതിയ താവളമൊരുങ്ങുന്നു

ചൈനയില്‍ നിന്നുള്ള ഭീഷണി മറികടക്കാന്‍ ആന്ധ്രാപ്രദേശില്‍ പുതിയ താവളമൊരുങ്ങുന്നു

September 17, 2018 0 By Editor

അമരാവതി: ചൈനയില്‍ നിന്നുള്ള ഭീഷണി മറികടക്കുന്നതിനായി ആന്ധ്രാപ്രദേശില്‍ വ്യോമസേന പുതിയ വ്യോമതാവളം നിര്‍മിക്കുന്നു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം വര്‍ദ്ധിച്ചത് അടുത്തിടെ സുരക്ഷാ ഭീഷണി വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മേഖലയില്‍ വ്യോമതാവളം നിര്‍മിക്കാന്‍ വ്യോമസേന തീരുമാനിച്ചത്. ഹെലിക്കോപ്ടര്‍ പരിശീലന സംവിധാനം ഉള്‍പ്പെടെയുള്ള കേന്ദ്രം പ്രകാശം ജില്ലയിലെ ദോണാകൊണ്ടയിലായിരിക്കും നിര്‍മിക്കുക. ഇതിന് പുറമെ അനന്തപൂര്‍ ജില്ലയില്‍ ഡ്രോണ്‍ നിര്‍മാണ കേന്ദ്രം, അമരാവതിയില്‍ സൈബര്‍ സുരക്ഷാ കേന്ദ്രം, വിജയവാഡ, രാജമുന്ദ്രി വിമാനത്താവളങ്ങളില്‍ വ്യോമസേനാ ബേസ് തുടങ്ങിയ നിര്‍ദ്ദേശങ്ങളും ആന്ധ്രാപ്രദേശ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ചൈനയുടെ സാന്നിധ്യം വര്‍ദ്ധിച്ചതും മേഖലയിലെ പ്രത്യേകതയും കണക്കിലെടുത്താണ് വ്യോമതാവളം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ചൈന്നൈയ്ക്കടുത്ത് ആരക്കോണത്ത് വ്യോമസേനയ്ക്കും വിശാഖപട്ടണത്ത് നാവികസേനയ്ക്കും ബേസുകളുണ്ട്. പുതുതായി തുടങ്ങുന്ന കേന്ദ്രത്തിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് നീക്കം തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പദ്ധതി വ്യോമസേന ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിജയവാഡ, രാജമുന്ദ്രി വിമാനത്താവളങ്ങളില്‍ പോര്‍വിമാനങ്ങള്‍ അടക്കമുള്ളവ സൂക്ഷിക്കാനും പദ്ധതിയിടുന്നുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഈ ബേസില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യാനാണ് ആലോചന. രണ്ടാം ലോകമഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു എയര്‍സ്ട്രിപ്പ് വ്യോമസേനയ്ക്ക് വിട്ടുനല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പുതിയ വ്യോമകേന്ദ്രം തുടങ്ങാന്‍ ഏതാണ്ട് 1200 ഏക്കറിലധികം ഭൂമി വേണമെന്നാണ് കണക്കാക്കുന്നത്.