ചരിത്രമാകും ജൂണ്‍ 12: കിമ്മും ട്രപും നേര്‍ക്കുനേര്‍

May 11, 2018 0 By Editor

വാഷിങ്ടന്‍: യുഎസ്– ഉത്തര കൊറിയ ഉച്ചകോടി ജൂണ്‍ 12ന് സിംഗപ്പുരില്‍ നടക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ലോകസമാധാനത്തിനായുള്ള ശ്രേഷ്ഠ നിമിഷമാക്കി ഉച്ചകോടിയെ മാറ്റാന്‍ ഇരുവരും യത്‌നിക്കുമെന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഉത്തര കൊറിയന്‍ തടവറയില്‍ നിന്നു വിട്ടയച്ച മൂന്നു യുഎസ് പൗരന്മാരും നാട്ടില്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ അറിയിപ്പ് വന്നത്.

ചരിത്രത്തിലാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ഉത്തര കൊറിയന്‍ ഭരണാധികാരിയുമായി ഉച്ചകോടി നടത്തുന്നത്. ഏകദിന ഉച്ചകോടിയിലെ മുഖ്യവിഷയം കൊറിയന്‍ ഉപദ്വീപിലെ അണ്വായുധ നിരായുധീകരണമാണ്. ഇതിനിടെ, ഉത്തര കൊറിയ വിട്ടയച്ച കൊറിയന്‍ വംശജരായ മൂന്നു യുഎസ് പൗരന്മാരും നാട്ടില്‍ തിരിച്ചെത്തി. മൂവരെയും സ്വീകരിക്കാന്‍ രാത്രി 2.40ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഭാര്യ മെലനിയ ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, ഭാര്യ കരെന്‍ പെന്‍സ് എന്നിവര്‍ സൈനികതാവളമായ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ കാത്തുനിന്നു.

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു മൂന്നു പൗരന്‍മാരുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തിരിച്ചെത്തിയത്. വിമാനം എത്തിയ ഉടന്‍ ട്രംപും മെലനിയയും വിമാനത്തിനുള്ളില്‍ കയറി വിട്ടയയ്ക്കപ്പെട്ട മൂന്നുപേരെയും കൂട്ടി പുറത്തുവന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കപ്പെട്ടിരുന്ന മതപ്രഭാഷകനായ കിം ഡോങ്ചുല്‍, പ്യോങ്യാങ് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അധ്യാപകരായിരുന്ന കിം സാങ് ഡുക് എന്ന ടോണി കിം, കിം ഹാക് സോങ് എന്നിവരാണ് മോചിതരായത്. ദക്ഷിണ കൊറിയയില്‍നിന്ന് യുഎസിലേക്കു കുടിയേറിയവരാണ് ഇവര്‍. തടവുകാരെ വിട്ടയച്ചതിനു ട്രംപ് നന്ദി പറഞ്ഞു.