ചരിത്രപരമായ നിമിഷങ്ങള്‍ക്ക് തൊട്ട് മുന്‍പുള്ള രാഹുല്‍ ഗാന്ധി പ്രസംഗം

July 21, 2018 0 By Editor

ഞാന്‍ നിങ്ങള്‍ക്ക് പപ്പുവായിരിക്കാം. നിങ്ങള്‍ക്ക് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞു ആക്ഷേപിക്കാം. പക്ഷെ, എന്റെ ഉള്ളില്‍ നിങ്ങളോട് ഒരല്‍പം ദേഷ്യം പോലുമില്ല. കാരണം ഞാന്‍ കോണ്‍ഗ്രസുകാരനാണ്. നിങ്ങളൊരു രാഷ്ട്രീയ ആയുധത്തിന്റെ ഇരയാണ്. നിങ്ങള്‍ മാത്രമല്ല അതിന്റെ ഇര. ഇന്ത്യയില്‍ ധാരാളം പേര്‍ അതിന്റെ ഇരകളായിട്ടുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആ അത്ഭുതകരമായ ആയുധത്തിന്റെ പേര് ജുംല സ്‌ട്രൈക്ക് എന്നാണ്. തുടക്കത്തില്‍ വലിയ ആശ്ചര്യവും സന്തോഷവുമൊക്കെ നല്‍കുമെങ്കിലും പിന്നീടത് വലിയ ഞെട്ടലായി മാറും. അതും കഴിഞ്ഞാല്‍ എട്ടു മണിക്കൂര്‍ നീളുന്ന പ്രസംഗമുണ്ടാകും. ഇതൊക്കെയാണ് അതിന്റെ ലക്ഷണങ്ങള്‍. ഈ ജുംല സ്‌ട്രൈക്കിന്റെ ഇരകളാണ് രാജ്യത്തെ കര്‍ഷകര്‍. യുവാക്കളും ദളിതുകളും ന്യൂനപക്ഷങ്ങളും രാജ്യത്തെ സ്ത്രീകളുമൊക്കെ അതിന്റെ ഇരകളാണ്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിശ്വാസയോഗ്യമാകണമെന്ന് താങ്കള്‍ പറഞ്ഞു. ഇന്ത്യ മുഴുവന്‍ ആവശ്യപ്പെടുന്നതും അത് തന്നെയാണ്. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഒന്നാമത്തെ ജുംല സ്‌ട്രൈക്ക്. രണ്ടു കോടി യുവാക്കള്‍ക്കു ജോലി നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ രണ്ടാമത്തെ ജുംല.

2016 നും 2017 നുമിടയില്‍ വെറും നാലു ലക്ഷം യുവാക്കള്‍ക്കാണ് തൊഴില്‍ ലഭിച്ചത്. ചൈന 24 മണിക്കൂറിനുള്ളില്‍ 50,000 യുവാക്കള്‍ക്ക് ജോലി നല്‍കുമ്‌ബോള്‍ ബി.ജെ.പി സര്‍ക്കാര്‍ അതേസമയത്തിനുള്ളില്‍ വെറും 5000 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. ജോലി നല്‍കാമെന്ന് പറഞ്ഞു പ്രധാനമന്ത്രി യുവാക്കളെ വഞ്ചിച്ചു. അദ്ദേഹത്തിന്റെ വാക്കുകളൊന്നും വിശ്വാസയോഗ്യമല്ല. എന്നിട്ട് ചെല്ലുന്നിടത്തൊക്കെ യുവാക്കളോട് പക്കോഡ വില്‍ക്കാനും പാന്‍ വില്‍ക്കാനും പറയുന്നു. രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കുക പിന്നെ ആരാണ്?

ചെറുതും വലുതുമായ ബിസിനസുകള്‍, നിര്‍മാണ മേഖല, ഇവയൊക്കെ തൊഴില്‍ സൃഷ്ടിക്കുന്ന ഇടങ്ങളാണ്. പക്ഷെ, ബിജെപി സര്‍ക്കാര്‍ ചെയ്തതെന്താണ്? ഒറ്റ രാത്രി കൊണ്ട് നോട്ട് നിരോധനം നടപ്പാക്കി. അസംഘടിത തൊഴില്‍ മേഖലകളെ നശിപ്പിക്കാന്‍ അത് കാരണമായി. ഞാന്‍ സൂറത്തില്‍ പോയിരുന്നു. പ്രധാനമന്ത്രി ഞങ്ങളെ വഞ്ചിച്ചു എന്നാണ് സൂറത്തിലെ കച്ചവടക്കാര്‍ എന്നോട് പറഞ്ഞത്.

അവിടെയും അവസാനിച്ചില്ല. ജി.എസ്.ടി എന്ന ആശയം മുന്നോട്ടു വെച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പെട്രോളും ഡീസലും ഉള്‍പ്പെടുത്തി രാജ്യത്ത് ഒരു നികുതി നടപ്പാക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. ബിജെപിയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമൊക്കെ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. ഭരണത്തില്‍ വന്നപ്പോള്‍ ബിജെപി അതിനെ തിരക്കിട്ടു നടപ്പിലാക്കി. മോഡിയുടെ ജി എസ് ടിയുടെ അവസ്ഥ എന്താണ്. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് അഞ്ചു വ്യത്യസ്ത നികുതിയാണ്. ചെറുകിട കച്ചവടക്കാരുടെ വീടുകളിലേക്ക് ഇന്‍കം ടാക്‌സുകാരെ പറഞ്ഞയച്ചു. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം താറുമാറാക്കി.

സാധാരണക്കാരായ ആളുകളോട് സംവദിക്കാന്‍ പ്രധാനമന്ത്രിക്ക് സമയമില്ല. തന്റെ സുരക്ഷാ വലയത്തിന് പുറത്തുകടന്ന് ചെറുകിട കച്ചവടക്കാരുമായി സംസാരിക്കാനോ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. കോട്ടിട്ട പത്തോ പന്ത്രണ്ടോ ബിസിനസുകാരോട് മാത്രമേ അദ്ദേഹം സംവദിക്കുന്നുള്ളൂ. തൊഴില്‍ മേഖലയെ മുഴുവനായും നശിപ്പിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചു. രാജ്യത്തെ ചെറുകിട വ്യവസായികളുടെ പോക്കറ്റില്‍ കയ്യിട്ടു കൊണ്ട് അവരുടെ പണം പിടിച്ചു പറിച്ചു ബിജെപി സര്‍ക്കാര്‍. ഈ സത്യത്തെ മാറ്റിമറിക്കുക സാധ്യമല്ല.

പ്രധാനമന്ത്രിയെ വഴിവിട്ട് സഹായിക്കുന്ന പത്തോ പതിനഞ്ചോ ബിസിനസുകാര്‍ക്ക് വേണ്ടിയാണ് അദ്ദേഹം എല്ലാം ചെയ്യുന്നത്. ഇന്ത്യയിലെ ദരിദ്രക്കും ദുര്‍ബലര്‍ക്കും ഒരിത്തിരി ഇടം പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നല്‍കുന്നില്ല. താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. പക്ഷെ, അമിത് ഷായുടെ മകന്‍ ജയ് ഷാ മൂന്ന് മാസത്തിനുള്ളില്‍ തന്റെ വരുമാനം പതിനാറിരട്ടിയോളം വര്‍ധിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി ഒരക്ഷരം പോലും ഉരുവിട്ടില്ല.

യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്ന റാഫേല്‍ വിമാന കരാറില്‍ ഒരു വിമാനത്തിന്റെ വില 520 കോടി രൂപ മാത്രമായിരുന്നു. ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം പ്രധാനമന്ത്രി ഫ്രാന്‍സില്‍ പോയി. ആരോടൊക്കെയാണ് ചര്‍ച്ച നടത്തിയതെന്നറിയില്ല. മാന്ത്രികതയെന്നോണം ഒരു വിമാനത്തിന്റെ വില 1600 കോടി രൂപയായി മാറി. പ്രതിരോധമന്ത്രി ഇവിടെ ഇരിക്കുന്നുണ്ട്. വിമാനത്തിന്റെ വില എത്രയാണെന്ന് രാജ്യത്തോട് പറയുമെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. പിന്നീട് അവര്‍ തന്നെ പറഞ്ഞു, ഫ്രഞ്ച് ഗവണ്‍മെന്റും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ പ്രകാരം വിമാനത്തിന്റെ വില വെളിപ്പെടുത്താന്‍ കഴിയുകയില്ലെന്ന്.

ഞാന്‍ ഫ്രഞ്ച് പ്രസിഡന്റിനെ കണ്ടിരുന്നു. റാഫേല്‍ വിമാനത്തിന്റെ വില വെളിപ്പെടുത്താന്‍ പാടില്ല എന്ന എന്തെങ്കിലും കരാര്‍ ഇന്ത്യന്‍ സര്‍ക്കാരുമായി നിലനിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു കരാര്‍ നിലനില്‍ക്കുന്നില്ല എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്ക് മുമ്ബില്‍ അത് വെളിപ്പെടുത്താവുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ പറയുന്നത് വാസ്തവമാണ്. പ്രധാനമന്ത്രിയുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രത്തോട് കളവ് പറഞ്ഞിരിക്കുന്നു. ആരെ സഹായിക്കാനായിരുന്നു അത്? അങ്ങനെ സഹായിക്കേണ്ട എന്ത് ആവശ്യമായിരുന്നു ഉണ്ടായിരുന്നത്? രാജ്യത്തോട് മറുപടി പറയാന്‍ നിങ്ങള്‍ ബാദ്ധ്യസ്ഥരാണ്.

ചില ബിസിനസുകാരുമായി പ്രധാനമന്ത്രിക്കുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ചിലവാക്കുന്ന പണത്തിന്റെ അളവിനെ കുറിച്ചും എല്ലാവര്‍ക്കും ബോധ്യമുണ്ട്. ആ പണത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നും എല്ലാവര്‍ക്കും മനസിലാവുന്നുണ്ട്. ആ ബിസിനസുകാരിലൊരാള്‍ക്കാണ് റാഫേല്‍ കരാര്‍ ലഭിച്ചത്. ആയിരക്കണക്കിന് കോടികളാണ് അയാള്‍ അതിലൂടെ ലാഭമുണ്ടാക്കിയത്. 45000 കോടിയിലധികമാണ് അതിലൂടെ അയാള്‍ നേടിയത്. ഇതാണ് വസ്തുത.

സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി നിയമിച്ച പാര്‍ലമെന്ററി കമ്മിറ്റിയാണോ ഈ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി സഭയില്‍ വ്യക്തമാക്കണം. അദ്ദേഹം ചിരിക്കുന്നതെനിക്ക് കാണാനാകും. എന്നാല്‍ എന്റെ കണ്ണില്‍ നോക്കാനുള്ള ധൈര്യം പ്രധാനമന്ത്രിക്കില്ല. കാരണം അദ്ദേഹം ഒരിക്കലും തന്റെ വാക്കുകളോട് സത്യസന്ധത പുലര്‍ത്തിയിട്ടില്ല. പ്രധാനമന്ത്രി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, മറിച്ചു ഗുണഭോക്താവാണെന്നതാണ് വാസ്തവം.

ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശ നയത്തെ കുറിച്ച് സംസാരിക്കാം. പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റിന്റെ കൂടെ ഗുജറാത്തിലെ നദിക്കരയില്‍ ചുറ്റി നടന്നിരുന്നു. അതേസമയം തന്നെ ആയിരക്കണക്കിന് ചൈനീസ് സൈനികര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഭൂപ്രദേശത്തിനുള്ളിലായിരുന്നു. അതിന് ശേഷം ചൈനീസ് പ്രസിഡന്റ് തിരിച്ചു പോയി. എന്നിട്ട് സ്വന്തം സൈന്യത്തെ ഡോകലാമില്‍ വിന്യസിക്കുന്നു.

നമ്മുടെ സൈനികര്‍ അവരുടെ ശക്തി പ്രകടിപ്പിച്ചു കൊണ്ട് ചൈനീസ് സൈനികരെ നേരിട്ടു. എന്നിട്ടും കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി ചൈനയില്‍ പോയി. എന്നാല്‍ ഡോകലാം വിഷയം ഉന്നയിക്കുകപോലുമുണ്ടായില്ല അദ്ദേഹം. പ്രധാനമന്ത്രി സൈന്യത്തെ വഞ്ചിച്ചു.

രാജ്യത്തെ കര്‍ഷകര്‍ പ്രധാനമന്ത്രിയോട് പറയുന്നു. പ്രധാനമന്ത്രി, അങ്ങ് വലിയ വ്യവസായികളുടെ 250 കോടിയുടെ കടം എഴുതിത്തള്ളുന്നു. ഞങ്ങളങ്ങയോട് കൈ കൂപ്പി ആവശ്യപ്പെടുകയാണ്. ഞങ്ങളുടെ കടം അല്‍പമെങ്കിലും എഴുതിത്തള്ളൂ. പക്ഷെ ധനമന്ത്രി പറയുന്നു: ഇല്ല, കര്‍ഷകരുടെ കടം എഴുതിത്തള്ളുകയില്ല. വലിയ ബിസിനസുകാരുടെ കടം മാത്രമേ എഴുതിത്തള്ളാന്‍ കഴിയൂ.

കര്‍ഷകരുടെ മക്കള്‍ വാഹനങ്ങള്‍ ഓടിക്കുന്നു. ലോകത്തെല്ലായിടത്തും ഇന്ധനത്തിന് കുറഞ്ഞ വിലയെ ഉള്ളൂ. എന്നാല്‍, ഇന്ത്യയില്‍ ഇന്ധനത്തിന് പൊള്ളുന്ന വിലയാണ്. കാരണം, പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് ലാഭമുണ്ടാക്കാന്‍ സഹായിക്കണം.

ഇനി രാജ്യത്തെ സ്ത്രീകളുടെ കാര്യം. ദിവസങ്ങള്‍ക്ക് മുമ്ബ് ഇക്കണോമിസ്റ്റ് മാഗസിന്റെ കവര്‍ പേജില്‍ പറഞ്ഞത് ഇന്ത്യക്ക് രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നാണ്. ചരിത്രത്തിലില്ലാത്ത വിധം രാജ്യത്ത് കൂട്ടബലാത്സംഗങ്ങള്‍ അരങ്ങേറുന്നു. രാജ്യത്തുടനീളം ദളിതരും ന്യൂനപക്ഷങ്ങളും ആദിവാസികളും അക്രമങ്ങള്‍ക്കിരയാവുന്നു, കൊലചെയ്യപ്പെടുന്നു.

ദളിതരും ആദിവാസികളും ന്യുനപക്ഷങ്ങളും ഇന്ത്യക്കാര്‍ തന്നെയല്ലേ? അവരെന്താ ഇന്ത്യയുടെ പൗരന്മാരല്ലേ? അവര്‍ക്ക് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. പകരം, അദ്ദേഹത്തിന്റെ മന്ത്രിമാര്‍ കൊലപാതകികളെ പൂമാലയിട്ട് സ്വീകരിക്കുന്നു. ഇത്തരം വിരോധാഭാസങ്ങള്‍ നടക്കുമ്‌ബോള്‍ തന്റെ ഉള്ളിലിരിപ്പെന്താണെന്ന് പ്രധാനമന്ത്രി രാജ്യത്തോട് വ്യക്തമാക്കണം.

ഇന്ത്യയിലെ ഒരു പൗരന്‍ ആക്രമിക്കപ്പെടുമ്‌ബോള്‍ അയാള്‍ മാത്രമല്ല അതിന് ഇരയാകുന്നത്. മറിച്ചു അംബേദ്കര്‍ വിഭാവനം ചെയ്ത രാജ്യത്തിന്റെ ഭരണഘടന കൂടിയാണ്. നിങ്ങളുടെ മന്ത്രി ഭരണഘടനയെ മാറ്റിയെഴുതുന്നതിനെ കുറിച്ച് സംസാരിക്കുമ്‌ബോള്‍ ഇന്ത്യ തന്നെയാണ് അക്രമത്തിനിരയാവുന്നത്. ഞങ്ങള്‍ക്കിത് സഹിക്കാവുന്നതിലുമപ്പുറമാണ്.

പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും രണ്ടു വ്യത്യസ്ത രാഷ്ട്രീയക്കാരാണ്. അധികാരം നഷ്ടപ്പെടുന്നത് അവര്‍ക്ക് ചിന്തിക്കാനേ പറ്റാത്ത കാര്യമാണ്. കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുന്നതില്‍ യാതൊരു ഭീതിയുമില്ല. പ്രധാനമന്ത്രിയും ബിജെപി അധ്യക്ഷനും ഭയത്തിന്മേലാണ് പ്രവര്‍ത്തിക്കുന്നത്. ആ ഭയം ദേഷ്യത്തെ ജനിപ്പിക്കുന്നു. ആ ദേഷ്യം ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലുമുണ്ട്.

നിങ്ങള്‍ വിചാരിക്കും എനിക്ക് പ്രധാനമന്ത്രിയോട് വെറുപ്പാണെന്ന്. പക്ഷെ, ഞാന്‍ നിങ്ങളോട് ഹൃദയം തുറന്ന് പറയട്ടെ. പ്രധാനമന്ത്രിയോടും ബിജെപിയോടും ആര്‍എസ്എസിനോടും നന്ദിയുള്ളവനാണ് ഞാന്‍. കോണ്‍ഗ്രസ് എന്താണെന്നും ഇന്ത്യക്കാരനാകുന്നതിന്റെ ഉദ്ദേശ്യം എന്താണെന്നും ഹിന്ദുവായിരിക്കുക എന്നാല്‍ എന്താണെന്നും എനിക്ക് മനസിലാക്കിത്തന്നത് അവരാണ്.

ഞാന്‍ നിങ്ങള്‍ക്ക് പപ്പുവായിരിക്കാം. നിങ്ങള്‍ക്ക് എന്നോട് ദേഷ്യമുണ്ടായിരിക്കും. നിങ്ങള്‍ക്ക് എന്നെ എന്ത് വേണമെങ്കിലും പറഞ്ഞു ആക്ഷേപിക്കാം. പക്ഷെ, എന്റെ ഉള്ളില്‍ നിങ്ങളോട് ഒരല്‍പം ദേഷ്യം പോലുമില്ല. കാരണം ഞാന്‍ കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസ് ആണ് ഈ രാജ്യത്തെ കെട്ടിപ്പടുത്തത്. അത് നിങ്ങള്‍ മറക്കരുത്.’