ചീഫ് സെക്രട്ടറിയ്ക്ക് നേരെയുള്ള കയ്യേറ്റം: അരവിന്ദ് കേജ്രിവാളിനും ഉപമുഖ്യമന്ത്രിയ്ക്കുമെതിരെ പൊലീസ് കുറ്റപത്രം

August 14, 2018 0 By Editor

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെയും ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് കുറ്റപത്രം. പതിനൊന്ന് ആം ആദ്മി എംഎല്‍എമാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ രണ്ട് ആം ആദ്മി എംഎല്‍എമാര്‍ കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പരസ്യം പുറത്തിറക്കാന്‍ വൈകുന്നതെന്തു കൊണ്ടാണെന്ന് കെജ്രിവാള്‍ ചോദിച്ചു കൊണ്ടാണ് ആക്രമിച്ചത്. ടി.വി പരസ്യം പുറത്തിറക്കുന്നത് സംബന്ധിച്ച ഉറപ്പ് നല്‍കാത്തതിനാല്‍ രാത്രി മുഴുവന്‍ മുറിയില്‍ അടച്ചിടുമെന്ന് ഒരു എം.എല്‍.എ ഭീഷണിപ്പെടുത്തയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ആരോപണങ്ങള്‍ കെജ്രിവാളും മന്ത്രിമാരും നിഷേധിച്ചിരുന്നു.

സംഭവസമയത്ത് കെജ്രിവാളും സിസോദിയയും മറ്റ് പതിനൊന്ന് എംഎല്‍എമാരും ഓഫീസില്‍ ഉണ്ടായിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, മനപ്പൂര്‍വം പ്രകോപനമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകളാണ് കെജ്രിവാളിനും മനീഷ് സിസോദിയക്കും എതിരെ ചുമത്തിയിരിക്കുന്നത്.

ചീഫ് സെക്രട്ടറിയ്‌ക്കെറിയെ ആക്രമിച്ച കേസ് ഭരണാധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തുറന്ന പോരിന് ആക്കം കൂട്ടും എന്നതില്‍ സംശയമില്ല.