ചികിത്സാ പിഴവുമൂലം ബാലികയുടെ മരണം: നാല് വര്‍ഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല

June 10, 2018 0 By Editor

മാനന്തവാടി: ചികിത്സയിലെ പിഴവുമൂലം ഏഴു വയസുകാരി മരിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായിട്ടും കുടുംബത്തിനു നഷ്ടപരിഹാരം ലഭിച്ചില്ല. മാന്തവാടി ജില്ലാ ആശുപത്രിയില്‍ 2014 ഏപ്രില്‍ 21നു മരിച്ച ദേവികയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കാത്തത്.

കണിയാരം പാലാകുളി വാളാലില്‍ പ്രകാശന്റെ മകളാണ് ദേവിക. ബാലാവകാശ കമ്മീഷന്‍ ഉത്തരവ് നടപ്പിലാക്കിക്കിട്ടുന്നതിനു ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ് പ്രകാശന്‍. വയറിളക്കവും ഛര്‍ദിയും പിടിപെട്ടതിനെത്തുടര്‍ന്നാണ് ദേവികയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുതന്നെ മരണവും സംഭവിച്ചു.

ഇതിനുകാരണം ചികിത്സയിലെ പിഴവാണെന്നു ആരോപണം ഉയര്‍ന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട് സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ ചികിത്സയിലെ പിഴവാണ് കുട്ടിയുടെ മരണത്തിനു ഇടയാക്കിയതെന്നു കണ്ടെത്തി. പീഡിയാട്രിക് വാര്‍ഡിലെ ഡ്യൂട്ടി നഴ്‌സ്, പീഡിയാട്രീഷന്‍, കേഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നു ഒഴിഞ്ഞുമാറാനാവില്ലെന്നു വിലയിരുത്തി.

ഇതേത്തുടര്‍ന്നാണ് ബലികയുടെ കുടുംബത്തിനു മൂന്നു ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നു ഉത്തരവായത്. ഇത് പ്രാവര്‍ത്തികമാകാത്ത സഹാചര്യത്തിലാണ് പ്രകാശന്‍ ഹൈക്കോടതിയെ സമീപിച്ചത്. ബാലികയുടെ മരണത്തിനു കാരണക്കാരെന്നു കണ്ടെത്തിയ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയും കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു.