സി.പി.എമ്മും ക്രിസ്ത്യന്‍ സഭയുമാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ സ്വത്ത് കൈവശം വച്ചിരിക്കുന്നതെന്ന് ജോയ് മാത്യൂ

സി.പി.എമ്മും ക്രിസ്ത്യന്‍ സഭയുമാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ സ്വത്ത് കൈവശം വച്ചിരിക്കുന്നതെന്ന് ജോയ് മാത്യൂ

September 20, 2018 0 By Editor

കൊച്ചി: സംസ്ഥാന സര്‍ക്കാരിനെയും ക്രിസ്തീയ സഭകളെയും നിശിതമായി വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം പോകുമോ എന്ന ഭയമാണ് വിപ്‌ളവകാരികളെന്ന് പറയുന്നവരെ കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നതെന്ന് ജോയ് മാത്യു പറഞ്ഞു.

കൂടെയുള്ളവരെ പോലും വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ കന്യാസ്ത്രീക്ക് എങ്ങനെ നീതികിട്ടുമെന്ന് നടന്‍ ജോയ് മാത്യു ചോദിച്ചു. ‘സര്‍ക്കാരും സഭയും തമ്മിലുള്ള കൂട്ടികൊടുപ്പാണ് ഇവിടെ നടക്കുന്നത്. കൂടെയുള്ളവരെ പോലും വിശ്വാസമില്ലാത്തതുകൊണ്ടാണ് ചുമതലകള്‍ ആരെയും ഏല്‍പ്പിക്കാതെ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പോയത്. അങ്ങനെയുള്ള ഒരാള്‍ ഭരിക്കുമ്പോള്‍ കന്യാസ്ത്രീക്ക് നീതി കിട്ടുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നൊന്നും വിചാരിക്കണ്ട. എന്നാല്‍ കന്യാസ്ത്രീകളുടെ സമരം പരാജയമാകുന്നുമില്ല. ഇത്തരം സമരങ്ങളിലൂടെയാണ് ലോകത്ത് എല്ലായിടത്തും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത്.ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എത്രപെട്ടെന്ന് അകത്തായേനെ. എങ്ങനെയൊക്കെ ബിഷപ്പിന് ജാമ്യം സംഘടിപ്പിച്ചു കൊടുക്കാം എന്ന ആലോചയിലാണ് പൊലീസുകാരെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.