തൊഴിലിടങ്ങളിലെ ദാസ്യപ്പണിയില്‍ റെയില്‍വേയും; മലയാളികളായ മൂന്ന് വനിതാ തൊഴിലാളികള്‍ ജോലിയുപേക്ഷിച്ചു

June 26, 2018 0 By Editor

തൊഴിലിടങ്ങളിലെ ദാസ്യപ്പണിയില്‍ റെയില്‍വേയും. തമിഴ്നാട്ടിലെ യൂണിയന്‍ നേതാവുകൂടിയായ ഉദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവാതെ മലയാളികളായ മൂന്ന് വനിതാ തൊഴിലാളികള്‍ ജോലിയുപേക്ഷിച്ചു. ഇവര്‍ക്കൊപ്പം ഉദ്യോഗസ്ഥനെതിരേ പരാതിനല്‍കിയ 15 വനിതാ ട്രാക്ക് മെയിന്റനര്‍മാര്‍ അധികൃതരുടെ ഭീഷണിസഹിച്ച്‌ ജോലി തുടരുകയാണ്. തിരുച്ചിറപ്പള്ളി ഡിവിഷനിലെ മയിലാടുതുറ സെക്ഷനിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനിയര്‍ വി. മണിവണ്ണനെതിരേയാണ് ആരോപണം.

വീട്ടിലെ കക്കൂസ് വൃത്തിയാക്കുന്നതുള്‍പ്പെടെ ജോലികള്‍ ചെയ്യിക്കുന്നു, പാളത്തിലെ ജോലിക്കുശേഷം യൂണിയന്‍പരിപാടികള്‍ക്ക് നിര്‍ബന്ധിച്ച്‌ കൊണ്ടുപോകുന്നു എന്നിവയാണ് പ്രധാന ആരോപണങ്ങള്‍. ഉദ്യോഗസ്ഥന്റെ മകന്റെ കല്യാണത്തിന്‍ ‘കേരള സ്റ്റൈലി’ല്‍ അതിഥികളെ സ്വീകരിക്കാനും മറ്റ് ഒരുക്കങ്ങള്‍ക്കും തങ്ങളെ ഉപയോഗിച്ചെന്നും പരാതിയിലുണ്ട്.ട്രാക്ക്മെയിന്റനറായ കൊല്ലം സ്വദേശിനിയുടെ നേതൃത്വത്തില്‍ സെപ്റ്റംബറിലാണ് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് പരാതി നല്‍കിയത്. പരാതിക്കാര്‍ 18 പേരും മലയാളികളാണ്. റെയില്‍വേ തൊഴിലാളിസംഘടനയായ മസ്ദൂര്‍ യൂണിയന്‍ ഡിവിഷണല്‍ പ്രസിഡന്റുകൂടിയായ മണിവണ്ണനില്‍നിന്ന് പരിധിവിട്ട പെരുമാറ്റമുണ്ടായെന്നും പരാതിയിലുണ്ട്.ഒത്തുതീര്‍പ്പിനായി നേതാക്കള്‍ സംസാരിക്കുന്നതിന്റെ വീഡിയോയും ഇവര്‍ റെയില്‍വേ അന്വേഷണക്കമ്മിഷന് നല്‍കിയിട്ടുണ്ട്.