ദയാവധം തേടി ട്രാന്‍സ്‍ജെന്‍ഡര്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ദയാവധം തേടി ട്രാന്‍സ്‍ജെന്‍ഡര്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

May 21, 2018 0 By Editor

തൃശൂര്‍: പട്ടിണിയിലായതിനാല്‍ ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് ട്രാന്‍സ്ജെന്റര്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു.തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സുജിയാണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. ബന്ധുക്കളും നാട്ടുകാരും അവഗണിക്കുന്നുവെന്നും പട്ടിണി കിടന്ന് മടുത്തെന്നുമാണ് സുജിയുടെ പരാതി. സംസ്ഥാനത്ത് ട്രാന്‍സ്ജെന്റര്‍ വിഭാഗക്കാര്‍ നേരിടുന്ന വെല്ലുവിളികളാണ് സുജിയുടെ പരാതിയിലെന്ന് വ്യക്തമാക്കിയ മനുഷ്യാവകാശ കമ്മീഷന്‍ ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ദയാവധം പ്രശ്നത്തിന് പരിഹാരമാണെന്ന് കരുതുന്നില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ട്രാന്‍സ്ജെന്റര്‍ വിഭാഗക്കാര്‍ക്കായി സര്‍ക്കാരിന്റെ കീഴിലുള്ള പദ്ധതികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 22ന് തിരുവനന്തപുരത്ത് നടക്കുന്ന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ കേസ് പരിഗണിക്കും. 1989ല്‍ ബിഎസ്‍സി നഴ്‌സിംഗ് ബിരുദം നേടിയ സുജി വര്‍ഷങ്ങളായി അലഞ്ഞെങ്കിലും ആരും ജോലി നല്‍കിയിരുന്നില്ല. സുജിക്ക് ജോലി നല്‍കാന്‍ ഇടപെടുമെന്ന് നഴ്‌സിംഗ് സംഘടനകള്‍ അറിയിച്ചിരുന്നു.