ദേശീയപാത വികസനം: പരിയാരത്ത് സര്‍ക്കാര്‍ ഭൂമി പൂര്‍ണമായും ഏറ്റെടുക്കും

August 27, 2018 0 By Editor

പരിയാരം: ദേശീയപാത നാലുവരിപ്പാതയുടെ വികസനത്തിനു പരിയാരം മെഡിക്കല്‍ കോളജ് ജംക്ഷനില്‍ പൂര്‍ണമായും സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തിയുള്ള നടപടി അധികൃതര്‍ സ്വീകരിച്ചു. ആദ്യ ഘട്ടത്തില്‍ സ്വകാര്യ ഭൂമിയും കെട്ടിടങ്ങളും ഉള്‍പ്പെടുത്തിയുള്ള സര്‍വേ നടത്തിയതിനാല്‍ ഒട്ടേറെ കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്ന ആശങ്ക ഉയര്‍ന്നിരുന്നു. ദേശീയപാത പരിയാരത്ത് സര്‍ക്കാര്‍ ഭൂമി നേര്‍രേഖയിലുണ്ടായിരിക്കെ കടകള്‍ അടക്കമുള്ള സ്വകാര്യ സ്ഥലം ഏറ്റെടുക്കുന്നതില്‍ വ്യാപാരികളടക്കം പ്രതിഷേധിച്ചിരുന്നു.

ദേശീയപാതയ്ക്കു സമാന്തരമായി പരിയാരം മെഡിക്കല്‍ കോളജ് മുന്നില്‍ സര്‍ക്കാര്‍ ഭൂമി ഉണ്ടായിരിക്കേ റോഡ് വികസനത്തിനു സ്വകാര്യ സ്ഥലം ഒഴിവാക്കി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി.രാജേഷ് എംഎല്‍എ ദേശീയപാത അധികൃതര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം സര്‍വേ അധികൃതര്‍ നിലവിലെ അലൈന്‍മെന്റ് മാറ്റി പൂര്‍ണമായും അര കിലോമീറ്റര്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുത്തി സര്‍വേ കല്ല് നാട്ടി.