ദുരിതാശ്വാസത്തിനായി നിര്‍ബന്ധിത ശമ്പളപ്പിരിവ് ശരിയല്ല ; ഹൈക്കോടതി

ദുരിതാശ്വാസത്തിനായി നിര്‍ബന്ധിത ശമ്പളപ്പിരിവ് ശരിയല്ല ; ഹൈക്കോടതി

September 18, 2018 0 By Editor

കൊച്ചി : പ്രളയ ദുരിതാശ്വാസത്തിനായി നിര്‍ബന്ധിത ശമ്പളപ്പിരിവ് ശരിയല്ലെന്ന് ഹൈക്കോടതി.ശമ്പളപ്പിരിവ് നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ ഉത്തരവിടാനാവുമെന്നും ഹെക്കോടതി ആരാഞ്ഞു.നിര്‍ബന്ധമായും ശമ്പളം പിടിക്കുന്നത് പിടിച്ചുപറിക്കലാവുമെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് എംപ്‌ളോയീസ് ഫ്രണ്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് പരാമര്‍ശങ്ങള്‍. നേരത്തേ മലബാര്‍ ദേവസ്വം ബോര്‍ഡ് നിശ്ചിത തുക നിര്‍ബന്ധമായും നല്‍കാന്‍ പറഞ്ഞിരുന്നു. ഇതേ നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമെടുത്തത്. നിയമം നോക്കാതെ ഇത്തരമൊരുത്തരവ് എങ്ങനെയിറക്കും? ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാരിന്റെ സമാന നടപടി പരിഗണിച്ചാണ് ഉത്തരവെന്ന് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിന്റെ നമ്പരോ തീയതിയോ വ്യക്തമല്ല. മുഖ്യമന്ത്രി സഹായത്തിനായി അഭ്യര്‍ത്ഥനയാണ് നടത്തിയത്. ആ തീരുമാനത്തിന്റെ മഹത്വം മനസിലാക്കാതെയുള്ള ഉത്തരവാണ് ദേവസ്വം ബോര്‍ഡിന്റേത്. വിവിധ കോണുകളില്‍ നിന്ന് പരാതി വന്നതോടെ നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് സെപ്തംബര്‍ 15ന് ചീഫ് സെക്രട്ടറി വിവിധ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കുറിപ്പ് നല്‍കി. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ദേവസ്വം ബോര്‍ഡ് കാട്ടിയതെന്നും ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു.
അനുമതിയില്ലാതെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പോലും പിടിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. 50,000 രൂപ ശമ്പളമുണ്ടെങ്കിലും 20,000 രൂപയില്‍ താഴെ മാത്രം വീട്ടില്‍ കൊണ്ടു പോകുന്ന ജീവനക്കാരുണ്ട്. പ്രളയ ദുരിതമനുഭവിച്ച ജീവനക്കാരുണ്ട്. ഇവരൊക്കെ എങ്ങനെ ഒരു മാസത്തെ ശമ്പളം നല്‍കും ? ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ശമ്പളം പിടിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കുകയാണെന്നും സമയം വേണമെന്നും ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്ന് 19ന് ഹര്‍ജി പരിഗണിക്കാന്‍ മാറ്റി.