ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം; നല്‍കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് സംരംഭത്തില്‍ നിന്ന് പിന്മാറാം

September 12, 2018 0 By Editor

തിരുവനന്തപുരം:പ്രതിപക്ഷ അധ്യാപക സര്‍വിസ് സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കെ, സമ്മതപത്രമോ ഓപ്ഷനോ ഇല്ലാതെ പ്രളയദുരിതാശ്വാസത്തിന് ‘ഒരുമാസത്തെ ശമ്പളം’ എന്ന വ്യവസ്ഥയോടെ സര്‍ക്കാര്‍ ഉത്തരവിറങ്ങി. നല്‍കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അക്കാര്യം എഴുതി നല്‍കി സംരംഭത്തില്‍നിന്ന് പിന്മാറാമെന്ന നിബന്ധനയും ഉത്തരവിലുണ്ട്.
സെപ്റ്റംബറിലെ ശമ്പളത്തില്‍നിന്ന് തുക പിടിച്ച് തുടങ്ങും. ഗഡുക്കളാണെങ്കില്‍ പരമാവധി 10. അതില്‍ കുറവ് തവണകളും പരിഗണിക്കും. സെപ്റ്റംബറിലെ ഗ്രോസ് സാലറി അടിസ്ഥാനത്തിലാണ് മാസത്തെ ശമ്പളത്തുക കണക്കാക്കുക. മുമ്പ് സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ അതു കുറച്ച് ബാക്കി തുകയേ ഈടാക്കൂ. ഇതിനു ജീവനക്കാര്‍ രസീത് സഹിതം ഡി.ഡി.ഒമാര്‍ക്ക് അപേക്ഷ നല്‍കണം.

ഒരുമാസത്തെ ശമ്പളം പൂര്‍ണമായും നല്‍കണമെന്നും അല്ലാത്തപക്ഷം സഹായം വേണ്ടെന്നുമുള്ള ധ്വനിയാണ് ഉത്തരവില്‍. സംഭാവനയായി ശമ്പളം നല്‍കാന്‍ സമ്മതമല്ലാത്തവര്‍ അക്കാര്യം സൂചിപ്പിക്കുന്ന പ്രസ്താവന ഈ മാസം 22 നു മുമ്പ് ഡി.ഡി.ഒമാരെ അറിയിക്കണം. സമ്മതമല്ലെന്ന പ്രസ്താവന നല്‍കാത്ത ജീവനക്കാരില്‍നിന്ന് ഒരു മാസത്തെ ശമ്പളം ‘സ്പാര്‍ക്ക്’ എന്ന ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ, ഒരു മാസത്തില്‍ കുറേവാ ഇഷ്ടമുള്ള തുകയോ നല്‍കാന്‍ സമ്മതപത്രത്തിലൂടെ അവസരമൊരുക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടിരിക്കുകയാണ്.

സമ്മതമല്ലെന്ന രേഖാമൂലമുള്ള സാക്ഷ്യപ്പെടുത്തല്‍ രാഷ്ട്രീയ പകപോക്കലിന് ഇടയാക്കുമെന്ന ആശങ്കയും ജീവനക്കാരിലുണ്ട്. ധനമന്ത്രി വിളിച്ച യോഗത്തില്‍ പ്രതിപക്ഷ സംഘടനകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പരിഗണിച്ചിട്ടില്ല.