ദുരന്തത്തിലേക്ക് ഓടിക്കുന്ന ട്രെയിന്‍ പോലെയാണു മോദി ഭരണത്തിനു കീഴിലെ ഇന്ത്യ: രാഹുല്‍ ഗാന്ധി

August 8, 2018 0 By Editor

ന്യൂഡല്‍ഹി: ഏകാധിപതിയും കഴിവുകെട്ടവനും അഹങ്കാരിയുമായ, ദുരന്തത്തിലേക്ക് ഓടിക്കുന്ന ട്രെയിന്‍ പോലെയാണു മോദി ഭരണത്തിനു കീഴിലെ ഇന്ത്യയുടെ അവസ്ഥയെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

‘മെല്ലെ നീങ്ങുന്ന പാസഞ്ചര്‍ ട്രെയിന്‍ പോലെയാണ് ഇന്ത്യയെന്ന് 2014 ല്‍ അധികാരത്തിലേറിയപ്പോള്‍ മോദി പരിഹസിച്ചിരുന്നു. ജനങ്ങളെ നല്ല ദിനങ്ങളിലേക്കു നയിക്കുന്ന മാജിക് ട്രെയിനായി ഇന്ത്യയെ മാറ്റുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, നാലു വര്‍ഷത്തെ എന്‍ഡിഎ ഭരണത്തില്‍ ഇന്ത്യ ദുരന്തത്തിലേക്കു കുതിക്കുന്ന ട്രെയിനായി മാറി. അതിലെ കഴിവുകെട്ട ഡ്രൈവറാണു മോദി. മാജിക് ട്രെയിനിന്റെ പേരുപറഞ്ഞ് ഇനിയും രാജ്യത്തെ ജനങ്ങളെ മണ്ടന്മാരാക്കാന്‍ കഴിയില്ല’ രാഹുല്‍ പറഞ്ഞു.

റാഫേല്‍ യുദ്ധവിമാന ഇടപാട് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മോദിക്കെതിരായ പ്രചാരണായുധമാക്കണമെന്നു നേതാക്കളോടു രാഹുല്‍ നിര്‍ദേശിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏകാധിപത്യത്തിനെതിരായ പോരാട്ടമാണ്. റഫാല്, അസമിലെ പൗരത്വ റജിസ്റ്റര്‍, തൊഴിലില്ലായ്മ, കര്‍ഷക ദുരിതം, നോട്ട് നിരോധനം, ജിഎസ്ടി എന്നിവയായിരിക്കും കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരണ വിഷയങ്ങളെന്നും രാഹുല്‍ വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് യോഗത്തില്‍ സംസാരിച്ചു.