ഇ.കെ. നായനാര്‍ സ്മാരക അക്കാദമിയുടെ ഉദ്ഘാടനം നാളെ

ഇ.കെ. നായനാര്‍ സ്മാരക അക്കാദമിയുടെ ഉദ്ഘാടനം നാളെ

May 18, 2018 0 By Editor

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മരണയ്ക്കായി കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിച്ച നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം നാലിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി ഉദ്ഘാടനം ചെയ്യുമെന്ന് അക്കാദമി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. അക്കാദമി-മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രങ്ങള്‍ രേഖപ്പെടുത്തുന്ന ഏറ്റവും ആകര്‍ഷണീയമായ മ്യൂസിയമായിരിക്കും ഇത്. ഇന്ത്യയില്‍ തന്നെ സിപിഎം ഇത്തരത്തിലുള്ള ഒരു മ്യൂസിയം ഇതുവരെ സ്ഥാപിച്ചിട്ടില്ല. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ലൈബ്രറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. സമ്മേളനങ്ങള്‍ സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലംകൂടിയാണിത്. ഓപ്പണ്‍ ഓഡിറ്റോറിയവും ഇവിടെ സജ്ജമാണ്.

മ്യൂസിയത്തിന്റെ പ്രവൃത്തിയൊഴിച്ച് മറ്റെല്ലാ നിര്‍മാണപ്രവൃത്തികളും ഇതിനകം പൂര്‍ത്തിയായി. 45,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്. 2005-ലാണ് നിര്‍മാണപ്രവൃത്തി തുടങ്ങിയത്. ബഹുജനങ്ങളില്‍നിന്നും സമാഹരിച്ച ആറേകാല്‍ കോടി രൂപ ഉപയോഗിച്ചാണ് 3.75 ഏക്കര്‍ സ്ഥലം വാങ്ങി റജിസ്റ്റര്‍ ചെയ്തത്. കെട്ടിടം പണിയുന്നതിന് സാങ്കേതിക തടസമുണ്ടായിരുന്നു. അന്നത്തെ പ്രതിരോധമന്ത്രിമാരായ എ.കെ.ആന്റണിയും അരുണ്‍ ജയ്റ്റ്‌ലിയും സഹായകരമായ നിലപാട് എടുത്തതുകൊണ്ടാണ് സാങ്കേതിക തടസം മാറിയത്.പിന്നീട് കെട്ടിടം പണിയാന്‍ പ്രവാസി മലയാളികള്‍ 2.5 കോടി പിരിച്ചുതന്നു.

അതുകൊണ്ട് പണി പൂര്‍ത്തിയായില്ല. 2017 ഓഗസ്റ്റ് 19ന് ഹുണ്ടിക പിരിവ് നടത്തി 2,04.71,541 രൂപ പിരിച്ചെടുത്തു. മൂന്നുനില കെട്ടിടമാണ് പണിതിട്ടുള്ളത്. ഒന്നാം നിലയിലെ പ്രവൃത്തി പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ ചെറിയ ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. സിപിഎമ്മിന്റെ പരിപാടികള്‍ക്ക് മാത്രമല്ല പൊതുപരിപാടികള്‍ക്കും വിവാഹച്ചടങ്ങുകള്‍ക്കും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ക്കും ഓഡിറ്റോറിയം വിട്ടുനല്കുമെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരല്ലാത്ത പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കാണ് നായനാര്‍ ട്രസ്റ്റിന്റെ നടത്തിപ്പ് ചുമതല. സംസ്ഥാന സെക്രട്ടറിയാണ് മാനേജിംഗ് ട്രസ്റ്റിയെന്നും കോടിയേരി പറഞ്ഞു.