ഏകീകൃത സിവില്‍ കോഡ് നടപ്പാക്കല്‍ അസാധ്യം; ദേശീയ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് തളളി

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കല്‍ അസാധ്യം; ദേശീയ നിയമ കമ്മീഷന്‍ റിപ്പോര്‍ട്ട് തളളി

September 1, 2018 0 By Editor

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന ആവശ്യം ദേശീയ നിയമ കമ്മിഷന്‍ തള്ളി. ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ അനിവാര്യമോ അഭികാമ്യമോ അല്ലെന്ന് കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എല്ലാ മതങ്ങളിലെയും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഏകീകരിക്കണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

കാലാവധി കഴിയുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ജസ്റ്റിസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2016 ലാണ് കുടുംബ നിയമങ്ങളിലെ പരിഷ്‌കരണങ്ങളെ കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ടത്. ഏകസിവില്‍ കോഡ് നടപ്പാക്കുന്നത് അസാധ്യമാണെന്നും വ്യക്തി നിയമങ്ങള്‍ ഭരണഘടനാപരമായ സംരക്ഷണമുള്ളതാണെന്നും നേരത്തെ ജസ്റ്റിസ് ചൗഹാന്‍ വ്യക്തമാക്കിയിരുന്നു. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രധാന രാഷ്ട്രീയ പ്രചാരണായുധമാണ് ഏകീകൃത സിവില്‍ കോഡ്.

കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പരിഷ്‌കരണം നിര്‍ദ്ദേശിക്കുന്ന കണ്‍സള്‍ട്ടേഷന്‍ പേപ്പറും നിയമ കമ്മിഷന്‍ പുറത്തിറക്കി. വൈവിധ്യങ്ങളുള്ളതുകൊണ്ട് വിവേചനമുണ്ടെന്ന് അര്‍ത്ഥമില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. വൈവിധ്യങ്ങള്‍ കരുത്തുറ്റ ജനാധിപത്യത്തിന്റെ സൂചകങ്ങളാണ്. വ്യക്തി നിയമങ്ങളില്‍ ലിംഗ നീതി ഉറപ്പാക്കണം. ഓരോ സമുദായത്തിനകത്തുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യത ഉറപ്പാക്കാനാണ് നിയമ നിര്‍മ്മാണ സഭകള്‍ ആദ്യം ശ്രമിക്കേണ്ടത്. സമുദായങ്ങള്‍ തമ്മില്‍ തുല്യത ഉണ്ടാക്കാനല്ല. മതവിശ്വാസത്തിനും തുല്യതയ്ക്കുമള്ള അവകാശങ്ങളില്‍ ഏതെങ്കിലും ഒന്ന് സ്ത്രീകള്‍ തിരഞ്ഞെടുത്താല്‍ മതിയെന്ന് പറയുന്നത് ശരിയല്ലെന്നും കമ്മിഷന്‍ പറഞ്ഞു.