ഏനാന്തിക്കടവ് പാലം എന്ന ജനങ്ങളുടെ സ്വപ്‌നത്തിന് ചിറക് മുളയ്ക്കുന്നു

ഏനാന്തിക്കടവ് പാലം എന്ന ജനങ്ങളുടെ സ്വപ്‌നത്തിന് ചിറക് മുളയ്ക്കുന്നു

June 7, 2018 0 By Editor

എടക്കര: കരുളായി, ചുങ്കത്തറ ഗ്രാമപഞ്ചായത്തുകളെയും നിലമ്പൂര്‍ നഗരസഭയെയും തമ്മില്‍ കൂട്ടിയിണക്കുന്ന ഏനാന്തിക്കടവ് പാലത്തിനു ചിറക് മുളയ്ക്കുന്നു. കാര്‍ഷിക കുടിയേറ്റ ഗ്രാമങ്ങളായ പള്ളിക്കുത്ത്, പനമണ്ണ പ്രദേശങ്ങളേയും ഏനാന്തി, കരുളായി, നിലമ്പൂര്‍ പ്രദേശങ്ങളെയും കൂട്ടി യോജിപ്പിക്കുന്ന ഏനാന്തികടവ് പാലം മേഖലയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ്. പി.വി. അന്‍വര്‍ എംഎല്‍എയുടെയും നാട്ടുകാരുടെയും ശ്രശമഫലമായി പാലത്തിനു ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചുകഴിഞ്ഞു.

ഇനി ടെന്‍ഡര്‍ നടപടികള്‍ കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ചുങ്കത്തറ പഞ്ചായത്തിലെ പള്ളിക്കുത്ത്, കാവലംകോട്, പനമണ്ണ പ്രദേശങ്ങളിലെ ആളുകള്‍ക്ക് നിലമ്പൂരിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകുന്നതിനു ഏനാന്തികടവിലെ തോണിക്കടവിനെയാണ് കാലങ്ങളായി ആശ്രയിച്ചിരുന്നത്. വര്‍ഷത്തില്‍ എട്ടുമാസത്തോളം തോണി മാത്രമായിരുന്നു കരിമ്പുഴ കടക്കാന്‍ ജനങ്ങളുടെ ആശ്രയം. ഈ ദുരവസ്ഥക്കാണ് ഇപ്പോള്‍ പരിഹാരമാകാന്‍ പോകുന്നത്.

നിലമ്പൂരിലെ നിര്‍ദ്ദിഷ്ട ബൈപാസില്‍നിന്ന് ചുങ്കത്തറയിലേക്ക് ഏനാന്തിപാലം വഴിയുള്ള യാത്ര അന്തര്‍ സംസ്ഥാന പാതയായ കെഎന്‍ജി റോഡിലെ വാഹനത്തിരക്ക് കുറയ്ക്കുവാനും സഹായിക്കും. തികച്ചും കാര്‍ഷിക മേഖലയായ ചുങ്കത്തറ ഗ്രാമപഞ്ചായത്തിലലെ 9, 10, 11, 12, വാര്‍ഡുകളിലേ ജനങ്ങള്‍ക്കു അവരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുവാനും വിദ്യാര്‍ഥികള്‍ക്കു വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്നതിനും ഈ പാലം വളരെയധികം പ്രയോജനപ്പെടും.

10.93 കോടി രൂപ വകയിരുത്തിയ പാലത്തിനു എട്ടുമീറ്റര്‍ വീതിയും ഇരുവശങ്ങളിലും ഒന്നരമീറ്റര്‍ വീതം നടപ്പാതയും 1.400 കിലോമീറ്റര്‍ സമീപറോഡും ഉണ്ട്. നാടിന്റെ വികസനത്തിനായി പ്രദേശവാസികള്‍ സൗജന്യമായി പതിനൊന്ന് മീറ്റര്‍ വീതിയില്‍ സ്ഥലവും വിട്ടുനല്‍കിയിട്ടുണ്ട്. ഏനാന്തിക്കടവ് പാലത്തിനായുള്ള നാട്ടുകാരുടെ മുറവിളിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. മുന്‍ കാലങ്ങളില്‍ പലതവണ ഈ പാലം പരിഗണനയില്‍ വന്നെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു.