ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു

ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു

August 8, 2018 0 By Editor

തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നിന്നും പുറത്തുപോയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്നു. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു. ഉന്നത നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്റെ മടങ്ങിവരവിന് അനുവാദം നല്‍കും.

തിങ്കളാഴ്ച എല്‍ഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ സിപിഎം ഇക്കാര്യം മുന്നണിയിലെ മറ്റ് പാര്‍ട്ടികളെ അറിയിക്കും. മുന്‍പ് ജയരാജന്റെ മടങ്ങിവരവിന് കളമൊരുക്കിയപ്പോള്‍ സിപിഐ എതിര്‍പ്പുന്നയിച്ച് രംഗത്തുവന്നിരുന്നു. ജയരാജനെ മടക്കിക്കൊണ്ടുവന്നാല്‍ ഒരു മന്ത്രികൂടി സിപിഎമ്മിന് അധികമാകും. അങ്ങനെയായാല്‍ തങ്ങള്‍ക്കും ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സിപിഐ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇത്തരമൊരു വാദഗതി സിപിഐ ഉയര്‍ത്തിയതിനാല്‍ തിങ്കളാഴ്ചത്തെ എല്‍ഡിഎഫ് യോഗത്തിന് മുന്‍പ് അവരുമായി സിപിഎം പ്രത്യേക ചര്‍ച്ച നടത്തും. ജയരാജനെ മടക്കിക്കൊണ്ടു വരുന്നതിന്റെ കാരണം സിപിഐയെ ബോധ്യപ്പെടുത്തുക എന്നതാവും ചര്‍ച്ചയുടെ ലക്ഷ്യം.

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നിട്ടും ജയരാജനെ മടക്കിക്കൊണ്ടു വരാത്തതില്‍ പാര്‍ട്ടിയില്‍ തന്നെ വിമര്‍ശനങ്ങളുണ്ടായിരുന്നു. ജയരാജന്‍ പ്രതിയായ ബന്ധുനിയമന കേസില്‍ അദ്ദേഹത്തിന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുന്‌പോഴും അദ്ദേഹം മന്ത്രിസഭയിലേക്ക് മടങ്ങി വന്നിരുന്നില്ല.

ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്‌പോള്‍ മുന്‍പ് ഭരിച്ചിരുന്ന വ്യവസായ വകുപ്പ് തന്നെ ലഭിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജയരാജന്റെ ഒഴിവില്‍ മന്ത്രിസഭയില്‍ എത്തിയ എം.എം.മണിക്ക് വൈദ്യുതി വകുപ്പാണ് നല്‍കിയിരുന്നത്. വ്യവസായ വകുപ്പ് എ.സി.മൊയ്തീനെ മുഖ്യമന്ത്രി ഏല്‍പ്പിക്കുകയും ചെയ്തു. ജയരാജന് ഏത് വകുപ്പ് ലഭിക്കുമെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജന് പ്രധാന വകുപ്പുകളില്‍ ഒന്ന് ലഭിക്കുമെന്ന് ഉറപ്പാണ്.