എറണാകുളത്ത് പ്രളയ കെടുതിയില്‍പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി

August 20, 2018 0 By Editor

കൊച്ചി : എറണാകുളം ജില്ലയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായതായി ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. പ്രളയ കെടുതിയില്‍പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി. കുടിവെള്ള വിതരണം രാത്രി മുതല്‍ പുനഃസ്ഥാപിക്കുമെന്നും, കെഎസ്ആര്‍ടിസി മുഴുവന്‍ സര്‍വീസുകളും നാളെ മുതല്‍ തുടങ്ങുമെന്നും കലക്ടര്‍ പറഞ്ഞു.

ക്യാമ്ബുകളില്‍ ഭക്ഷണപൊതിയും മരുന്നും വിതരണം ചെയ്യുന്നത് ഊര്‍ജിതമായി നടക്കുകയാണ്. ജില്ലയിലെ പ്രളയ മേഖലകളില്‍ നിന്നും സൈന്യത്തിന്റെയും മത്സ്യതൊഴിലാളികളുടെയും സഹകരണത്തോടെയാണ് ആളുകളെ രക്ഷപ്പെടുത്താന്‍ സാധിച്ചതെന്നും അദ്ദേഹം അറിയിച്ചു.

പത്തനംതിട്ടയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വളരെ ചുരുക്കം ആളുകളെയാണ് ഇനി രക്ഷപ്പെടുത്താനുള്ളതെന്നും കലക്ടര്‍ പറഞ്ഞു.

ക്യാമ്ബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കുന്നതിന് രണ്ട് ഓഫീസര്‍മാരെ വീതം എല്ലാ ക്യാമ്ബിലും നിയമിച്ചിട്ടുണ്ടെന്നും, ഫുഡ് ഹബ്ബുകളില്‍ വരുന്ന അവശ്യവസ്തുക്കള്‍ വേര്‍ തിരിച്ച് ആവശ്യാനുസരണം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ എത്തിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുകയാണെന്നും കലക്ടര്‍ അറിയിച്ചു.