ഫേസ്ബുക്കിലൂടെ തുടങ്ങിയ ബന്ധം വാട്‌സാപ്പിലൂടെ വളര്‍ന്നു: വിദേശത്തുനിന്നും യുവാവിനെ തേടിയെത്തിയത് എട്ടിന്റെ പണി

June 23, 2018 0 By Editor

മങ്കട (മലപ്പുറം): ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആ സുന്ദരി അയച്ച സമ്മാനം മലപ്പുറത്തെ ഈ യുവാവിനെ കുറച്ചൊന്നുമല്ല പൊല്ലാപ്പിലാക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം പിന്നീട് വാട്‌സാപ്പ് ചാറ്റിലൂടെ ഇരുവരുടേയും ബന്ധം കൂടുതല്‍ ദൃഢമായി. ഇതിനിടെ വിദേശവനിതയ്ക്ക് യുവാവിന് സമ്മാനമയക്കാനുള്ള പൂതിയും ഉണ്ടായി. ഇതിന്റെ ഭാഗമായി യുവാവിന്റെ വിലാസം തരാന്‍ വിദേശവനിത ആവശ്യപ്പെട്ടു.

ആദ്യം ഒന്ന് അമാന്തിച്ചെങ്കിലും കാമുകി സമ്മാനം തരുന്നതല്ലേ എന്ന് കരുതിയ യുവാവ് പിന്നെ മറ്റൊന്നും ആലോചിക്കാതെ തന്റെ വിലാസം നല്‍കുകയും ചെയ്തു. വിദേശവനിത അയച്ച സമ്മാനം കൈപ്പറ്റാന്‍ ശ്രമിച്ചപ്പോള്‍ അല്ലേ രസം സമ്മാനമൊട്ടും കിട്ടിയുമില്ല, സ്വന്തം കീശയില്‍ നിന്നും ഒരുലക്ഷം രൂപ പോവുകയും ചെയ്തു. മലപ്പുറം മക്കരപ്പറമ്ബ് സ്വദേശിയായ യുവാവിനാണ് പണം നഷ്ടപ്പെട്ടത്.

യുവതിക്ക് വിലാസം നല്‍കിയതിന്റെ പിറ്റേദിവസം തന്നെ സമ്മാനം അയച്ചതായി കാട്ടിയുള്ള സന്ദേശവും എത്തി. കൂടെ അയച്ച സമ്മാനത്തിന്റെ ട്രാക്ക് ഐഡിയും ഉണ്ടായിരുന്നു. അമേരിക്കയില്‍ നിന്നു പാരീസ് വഴി ഡെല്‍ഹി എയര്‍പോര്‍ട്ട് എന്നാണ് ഇതില്‍ കാണിച്ചിരുന്നത്. തൊട്ടടുത്ത ദിവസം ഡെല്‍ഹി കസ്റ്റംസില്‍നിന്നാണെന്നു പറഞ്ഞു വിളിയുമെത്തി. വിലകൂടിയ സാധനങ്ങളായതിനാല്‍ കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 24,000 രൂപ അടയ്ക്കണമെന്ന് പറഞ്ഞാണ് വിളി വന്നത്. തുടര്‍ന്ന് കസ്റ്റംസിന്റേതാണെന്ന് പറയുന്ന മിസോറമിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് 17ന് പറഞ്ഞ പണം കൈമാറി. 18ന് രാവിലെ വീണ്ടും വിളിയെത്തി.

പെട്ടിക്കകത്ത് ഡോളറുകള്‍ ഉണ്ടെന്നും നിയമ ലംഘനം നടത്തിയതിന് നിയമനടപടി സ്വീകരിക്കുകയാണെന്നും അറിയിച്ചാണ് വിളി. സാധനം തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെട്ട യുവാവിനോട് തിരിച്ചയച്ചാല്‍ കേസ് വിദേശത്തായിരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സഹോദരിയുടെ സ്വര്‍ണം പണയം വച്ചും മറ്റും 70, 000 രൂപ സമാഹരിച്ച് യുവാവ് ഇതേ അക്കൗണ്ടിലേക്കിട്ടു. അമേരിക്കന്‍ എംബസിയുടെ എന്‍ഒസി ഇല്ലാത്തതിനാല്‍ വീണ്ടും 1,35,000 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ യുവാവ് മങ്കട സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.