ഫിഫ: ആരാധകരുടെ മനസില്‍ ഗോ ഗോ അലയും വക്കാ വക്കായും, ആവേശം പോരാതെ ‘ലിവിറ്റ് അപ്പ്’

ഫിഫ: ആരാധകരുടെ മനസില്‍ ഗോ ഗോ അലയും വക്കാ വക്കായും, ആവേശം പോരാതെ ‘ലിവിറ്റ് അപ്പ്’

June 12, 2018 0 By Editor

മോസ്‌കോ: ലോകകപ്പിന്റെ ആവേശവും ചൂടും ചൂരും ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഔദ്യോഗിക ഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ ദിവസമാണ് റഷ്യ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ലിവിറ്റ് അപ്പിന്റെ’ വിഡിയോ പുറത്തിറങ്ങിയത്. ഹോളിവുഡ് നടനും റാപ്പറുമായ വില്‍ സ്മിത്തും കൊസോവക്കാരിയായ പോപ് ഗായിക ഇറ ഇസ്‌ട്രേഫിയും ഡി.ജെ നികി ജാമും ചേര്‍ന്നൊരുക്കിയ ഗാനത്തിന് വേണ്ടവിധം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
വില്‍ സ്മിത്ത്, ഇറ, ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരും വിവിധ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ആരാധകരുമാണ് വിഡിയോയില്‍ അണിനിരക്കുന്നത്. കൊളംബിയയില്‍ വെച്ച് ചിത്രീകരിച്ച ഗാനം ഒരുവിഭാഗം സ്വീകരിച്ചപ്പോള്‍ ഗാനത്തെ വിമര്‍ശിച്ച് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.

റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് ലാറ്റിനമേരിക്കന്‍ ചേരുവയിലുള്ള ഗാനം ഒരുക്കിയതിലുള്ള വൈരുധ്യമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. 2014 ബ്രസീല്‍ ലോകകപ്പിലെ ‘വീ ആര്‍ വണ്‍’ എന്ന ഗാനത്തിന്റെ അവസ്ഥയാണ് ഇതിനും ഉണ്ടാകാന്‍ പോകുന്നതെന്നാണ് നിഗമനം. ലോകത്തെ ഇളക്കിമറിച്ച നാല് ലോകകപ്പ് ഗാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കപ്പ് ഓഫ് മൈ ലൈഫ്‌റിക്കി മാര്‍ട്ടിന് (1998)
1998ലെ ഫ്രാന്‍സ് ലോകകപ്പ് ഗാനമൊരുക്കാന്‍ ഫിഫ സമീപിച്ചത് പ്യൂര്‍ട്ടോറിക്കന്‍ ഗായകനായ റിക്കി മാര്‍ട്ടിനെയായിരുന്നു. ലാറ്റിന്‍ ചാരുതയില്‍ അണിഞ്ഞൊരുങ്ങിയ ഗാനവും അതിന്റെ കോറസും ആരാധകരുടെ സിരകളില്‍ ആവേശം അലയടിപ്പിച്ചു. ‘ഗോ, ഗോ, ഗോ, അലെ, അലെ, അലെ’ എന്ന ഈരടികള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാംസ്ഥാനത്ത്. ഗാനത്തിന്‍ നാല് വീതം പ്ലാറ്റിനം ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചു. 1998 ഗാനത്തിെന്റ ഫൈനലിലെ അവതരണം 100 കോടിയിലധികം ആളുകളാണ് വീക്ഷിച്ചത്.

വക്കാ വക്കാ ഷക്കീറ (2010)
2010 ദക്ഷിണാഫ്രിക്ക ലോകകപ്പിനായി ഷക്കീറയും ആഫ്രിക്കന്‍ ഫ്യൂഷന്‍ ബാന്‍ഡയ ഫ്രഷ്‌ലി ഗ്രൗണ്ടും ചേര്‍ന്ന് തയാറാക്കിയ ഗാനമായിരുന്നു ആ സമയത്ത് ഓരോ ആരാധകന്റെയും ചുണ്ടുകളില്‍ തത്തിക്കളിച്ചത്. 1.8 ബില്ല്യണ്‍ കാഴ്ചക്കാരുമായി യൂട്യൂബിലും ഗാനം തരംഗമായി. 20 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞ ഗാനം ഡിജിറ്റല്‍ യുഗത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഗാനവുമായി മാറി. ഒരു ആഫ്രിക്കന്‍ കലാകാരന്‍ ഗാനംചെയ്യാന്‍ അവസരം നല്‍കിയില്ലെന്ന ആക്ഷേപം മാത്രമാണ് ഗാനത്തിന്‍ കേള്‍ക്കേണ്ടിവന്നത്.

എല്‍ റോക്ക് ഡെല്‍ മുന്‍ഡിയാല്‍ ലോസ് റാംബ്ലെര്‍സ് (1962)
ചിലിയന്‍ റോക്ക് ബാന്‍ഡായ ലോസ് റാംബ്ലെര്‍സ് ഒരുക്കിയ ഗാനമാണ് ലോകകപ്പിന്റെ ആദ്യ ഔദ്യോഗിക ഗാനമായി കണക്കാക്കപ്പെടുന്നത്. 1962 ലോകകപ്പിന് ആതിഥേയത്വം വഹിച്ച ചിലിയന്‍ ടീമിന് ആവേശംപകരാന്‍ തയാറാക്കിയ ഗാനം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു. ചിലിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സിംഗിള്‍ ഗാനം അതായിരുന്നു. വിവിധ വിവിധ സംസ്‌കാരങ്ങളെ പ്രതിനിധാനം ചെയ്ത് ഒരുക്കുന്ന ലോകകപ്പ് ഗാനങ്ങളുടെ പിറവിക്കുള്ള തുടക്കമായിരുന്നു ഇത്.

വേവ് ഇന്‍ ഫ്‌ലാഗ് ക്‌നാന്‍ ക്‌നാന്‍ (2010 അണ് ഒഫീഷ്യല്‍)
2010 ലോകകപ്പിന്റെ ഔദ്യോഗിക ഗാനമല്ലാഞ്ഞിട്ടുകൂടി അത്ഭുതാവഹമായ സ്വീകരണം ഏറ്റുവാങ്ങി ഞെട്ടിച്ച ഗാനമാണ് വേവ് ഇന്‍ ഫ്‌ലാഗ്. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിെന്റ സ്വാതന്ത്ര്യ പ്രതീക്ഷകളും തന്റെ ജീവതാനുഭവങ്ങളും സൊമാലിയന്‍കനേഡിയന്‍ ഗായകനായ ക്‌നാന്‍ സംഗീതത്തിന്റെ അകമ്പടിയോടെ അവതിരിപ്പിച്ചപ്പോള്‍ ലോകം അത് ഏറ്റുപാടുകയായിരുന്നു. കൊക്കക്കോളയാണ് അവരുടെ പരസ്യത്തിനായി ഉപയോഗപ്പെടുത്തി ഗാനം പ്രസിദ്ധമാക്കിയത്.