ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്നിബാധ: അമ്മയ്ക്കും മകള്‍ക്കും ദുരുതര പരിക്ക്

July 3, 2018 0 By Editor

കൊച്ചി: ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അഗ്‌നിബാധ. അപകടത്തില്‍ അമ്മയ്ക്കും മകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. സ്‌ഫോടനശബ്ദം കേട്ട് ഫ്‌ളാറ്റിലെ മറ്റ് താമസക്കാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു. കൊച്ചിയിലെ ദേശം സ്വര്‍ഗം റോഡില്‍ പ്രൈം റോസ് ഫഌറ്റില്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.

ഒന്‍പതാം നിലയിലെ ഫഌറ്റില്‍ താമസിച്ചിരുന്ന ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാരി ആലപ്പുഴ ചമ്ബക്കുളം ചക്കാത്തറ വീട്ടിലെ ജാക്ക്വലിന്‍ മാത്തന്‍ (28), മകള്‍ കാതറിന്‍ (മൂന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടന്‍ തന്നെ അയല്‍ ഫഌറ്റുകളില്‍ താമസിക്കുന്നവര്‍ ഇവരെ ദേശം സി.എ ആശുപത്രിയിലെത്തിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. സ്‌ഫോടന ശബ്ദം നാട്ടില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു.

ആലുവയില്‍ നിന്ന് രണ്ടും അങ്കമാലി, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഒന്നും അഗ്‌നിശമന സേന യൂണിറ്റ് എത്തിയാണ് തീയണച്ചത്. ആലുവയില്‍ നിന്നും അഗ്‌നിശമന സേന എത്തിയ ശേഷവും സ്‌ഫോടനം നടന്നു. ഫഌറ്റ് പൂര്‍ണമായും കത്തിച്ചാമ്ബലായി. കട്ടില, ജനല്‍, വാതില്‍, സോഫ സെറ്റ്, ഡൈനിംഗ് ടേബിള്‍, കസേരകള്‍, ടി.വി, ഫ്രിഡ്ജ്, കമ്ബ്യൂട്ടര്‍, വാഷിംഗ് മെഷീന്‍, ഫാനുകള്‍ തുടങ്ങി വീട്ടിലെ സ്റ്റീല്‍ പാത്രങ്ങള്‍ വരെ കത്തി നശിച്ചു. ഫഌറ്റിന്റെ ഭിത്തികള്‍ക്കും പൊട്ടല്‍ വീണു.

ഫഌറ്റില്‍ നിന്നും ശക്തമായ പുകയും തീയും ഉയര്‍ന്നതോടെ അയല്‍ഫഌറ്റുകാരെല്ലാം വിലപിടിപ്പുള്ള സാധനങ്ങളുമായി താഴേക്ക് ഓടിയിറങ്ങുകയായിരുന്നു. മുകളിലെ നിലകളിലെല്ലാം ശക്തമായ പുകയായതിനാല്‍ അഗ്‌നിശമനസേനയുടെ പ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഒന്നര മണിക്കൂറോളം നാല് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്.

ആലുവ അഗ്‌നിശമന സേന വിഭാഗം സ്‌റ്റേഷന്‍ ഓഫീസര്‍ അശോകന്‍, ഫയര്‍മാന്മാരായ സന്തോഷ്, സന്തോഷ് കുമാര്‍, രതീഷ്, അനന്തകൃഷ്ണന്‍, നിസാം, പി.ആര്‍. സനോജ്, പി.കെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.