ഗതാഗതക്കുരുക്കിന് പരിഹാരം : തൊണ്ടയാട് മേല്‍പ്പാലം ഉടന്‍ തുറക്കും

ഗതാഗതക്കുരുക്കിന് പരിഹാരം : തൊണ്ടയാട് മേല്‍പ്പാലം ഉടന്‍ തുറക്കും

September 15, 2018 0 By Editor

കോഴിക്കോട്: നഗരത്തിന്റെ വാഹനക്കുരുക്കിന് പരിഹാരമായി തൊണ്ടയാട് മേല്‍പ്പാലം ഉദ്ഘാടനത്തിന് സജ്ജമാകുന്നു. പാലത്തിലെ ടാറിംഗ് ഉള്‍പ്പടെയുള്ള പ്രവൃത്തികള്‍ അവസാനഘട്ടത്തിലാണ്. പാലത്തിന് പെയിന്റിങ് അടിക്കുന്ന ജോലികള്‍ക്ക് പുറമെ പാലം മോടിപിടിപ്പിച്ച് മനോഹരമാക്കിയ ശേഷം അടുത്ത് തന്നെ ഗതാഗത്തിനായി തുറന്ന് കൊടുക്കും. ഇതോടെ തൊണ്ടയാട് ജംഗ്ഷനിലെ തിരക്കിന് ആശ്വാസമാവും.

ഗതാഗത കുരുക്ക് രൂക്ഷമായ തൊണ്ടയാട് ജങ്ഷനില്‍ 2016 മാര്‍ച്ചിലാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 12 മീറ്റര്‍ വീതിയില്‍ 474 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 50 സെന്റിമീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലുമായി ക്രാഷ് ബാരിയറുകളും അതിന് പുറമെ നടപ്പാതകളും പാലത്തിലുണ്ട്. 54 കോടി രൂപയാണ് പദ്ധതിച്ചെലവ്. പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിംഗ് രൂപകല്‍പന ചെയ്ത മേല്‍പാലങ്ങള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാലം നിര്‍മ്മാണത്തിന് ഭരണാനുമതി കിട്ടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ സ്ഥലമേറ്റെടുത്തിരുന്നതിനാല്‍ നിര്‍മ്മാണത്തിന് കാലതാമസമൊന്നും നേരിടേണ്ടിവന്നില്ല.

മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാനവഴി ഇതായതിനാല്‍ തൊണ്ടയാട് ജംഗ്ഷനില്‍ രൂക്ഷമായ ഗതാഗത കുരുക്കായിരുന്നു. അതിന് പുറമെ അപകടങ്ങളും ഇവിടെ പതിവായിരുന്നു. പാലം ഗതാഗത്തിന് തുറന്ന് കൊടുക്കുന്നതോടെ ഇതുവഴിയുള്ള തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ മെയ് മാസത്തില്‍ പാലത്തിന്റെ പണി പൂര്‍ത്തിയാകുമെന്നായിരുന്നു പറഞ്ഞതെങ്കിലും പ്രവൃത്തി നീണ്ടു പോകുകയായിരുന്നു. തൊണ്ടയാട് ബൈപ്പാസ് നാലു വരിയാക്കുന്നതിന് കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോള്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

പാലത്തിന്റെ പണി ഒക്ടോബറില്‍ പൂര്‍ത്തിയാകുമെങ്കിലും എന്നാണ് ഉദ്ഘാടനമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ പ്രളയം കാരണം അധികം ആഘോഷങ്ങളില്ലാതെ ഉദ്ഘാടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ പാലത്തോടൊപ്പം രാമനാട്ടുകരയിലെ മേല്‍പ്പാലവും ഉദ്ഘാടനത്തിന് സജ്ജമായി. അവസാനവട്ട പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഇരുപാലവും ഉടന്‍ തന്നെ ഗതാഗതത്തിന് യോഗ്യമാകുന്നതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലും തിരക്ക് കുറയും.രണ്ടര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം ഗതാഗതത്തിനായി സജ്ജമാക്കുന്നത്.