ഐസിയുവിലെ എസി കേടായി: അഞ്ച് രോഗികള്‍ക്ക് ദാരുണാന്ത്യം

June 8, 2018 0 By Editor

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ലാല ലജ്പത് റായ് ആശുപത്രിയില്‍ ഐസിയുവിലെ എ.സി പ്ലാന്റ് കേടായതിനെ തുടര്‍ന്ന് അഞ്ച് രോഗികള്‍ മരിച്ചു. 24 മണിക്കൂറിനുള്ളിലാണ് കൂട്ടമരണം നടന്നിരിക്കുന്നത്. ഏതാനും ദിവസങ്ങളായി എ.സി കേടായി കിടക്കുകയാണെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

എ.സി ബുധനാഴ്ച മുതല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അധികൃതരും സമ്മതിച്ചു. ഐസിയുവിലെ ഹെഡ്‌നഴ്‌സ് ഇത് സംബന്ധിച്ച് പരാതി എഴുതി നല്‍കിയിരുന്നു. രോഗികള്‍ക്ക് ശുദ്ധവായു ലഭിക്കാതെ വന്നതോടെ ബന്ധുക്കള്‍ ഐസിയുവിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടു. എന്നാല്‍ പുറത്ത് കടുത്ത ചൂടായത് രോഗികളുടെ അവസ്ഥ മോശമാക്കി. വിശറികള്‍ ഉപയോഗിച്ചും രോഗികള്‍ക്ക് ആശ്വാസം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ടു ദിവസം ഈ സ്ഥിതി തുടര്‍ന്നതോടെ അഞ്ച് രോഗികള്‍ മരണമടയുകയായിരുന്നു.

എ.സികള്‍ കേടായിരുന്നുവെന്ന് ഐസിയു ഇന്‍ ചാര്‍ജ് സൗരഭ് അഗര്‍വാള്‍ സമ്മതിച്ചു. എന്നാല്‍ മരണങ്ങള്‍ ഇതുമൂലമാണെന്ന വാദം അദ്ദേഹം നിഷേധിച്ചു. ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. സ്വാഭാവികമായ മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഹൃദയാഘാതവും ഗുരുതരമായ മറ്റു രോഗങ്ങളും മൂലമാണ് മരണങ്ങള്‍ നടന്നിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം യു.പിയില്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി നിരവധി നവജാത കുട്ടികള്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് മരണമടഞ്ഞിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു. കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച ഡോക്ടര്‍ കഫീല്‍ ഖാനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചതും വിവാദമായിരുന്നു.